പെരിയ : കല്ലും കരിങ്കല്ലും ലോഹവും കോണ്‍ക്രീറ്റുമൊക്കെ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മെരുക്കിയെടുക്കുമ്പോള്‍ കാനായിയുടെ വിരലുകളില്‍ ത്രസിക്കുന്നത് ദൈവാംശമല്ലാതെ മറ്റൊന്നുമല്ലെന്നും
ശരീരത്തിന്റെ നഗ്‌നതയും അശ്ലീലവും രണ്ടാണെന്ന് സ്ഥാപിക്കുകയും പാരമ്പര്യ സദാചാര സങ്കല്പങ്ങളെ തച്ചുടക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് കാനായിയെന്ന് എഴുത്തുകാരന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ചെയര്‍മാനുമായ കെ. ജയകുമാര്‍ പറഞ്ഞു. പുല്ലൂരില്‍ അഡ്വ പി.കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയം നടത്തിയ ഒരേ ഒരു കാനായി ചടങ്ങില്‍ ആര്‍ ജയകുമാര്‍ പുരസ്‌കാരം ശില്പി കാനായി കുഞ്ഞിരാമന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം കലാകാരന്‍മാരാണ്. മാതൃഭാഷ പലതായിരിക്കാം. എന്നാല്‍ അവരുടെ ജന്മഭാഷ കലയാണെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. മറ്റു ദേശങ്ങളെക്കാളുപരി നമ്മുടെ കേരളം നന്നാവണം. അതിന് സംസ്ഥാനം കലകൊണ്ടു നിറയണമെന്നാണ് എന്റെ ആഗ്രഹം. ഏറെക്കാലത്തിനു ശേഷം തന്റെ ശിഷ്യന്മാരെ ഒരുമിച്ചു കണ്ടതിന്റെ സന്തോഷം നിറകണ്ണുകളോടെയാണ് കാനായി പങ്കുവെച്ചത്.
എല്ലാവര്‍ഷവും ശില്‍പചിത്രകലാ പ്രദര്‍ശനം ഒരുക്കുവാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ പി. പത്മനാഭന്‍ അധ്യക്ഷനായി. ചടങ്ങില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് അലുമിനി അസോസിയേഷനും കാനായിയെ ആദരിച്ചു. ചിത്രകാര്‍ കേരളയുടെ നേതൃത്വത്തില്‍ ചിത്രാദരം ഒരുക്കി ആദരിച്ചു. ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചല്‍, പുഷ്പരാജ്, രാജു ഭദ്രന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, പി. വേണുഗോപാലന്‍, ബിന്ദു ജയകുമാര്‍, നാരായണന്‍ മാടിക്കാല്‍, കെ.ബിന്ദു, വി.രാജന്‍, അനില്‍ പുളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. ഒരേ ഒരു കാനായി ആദര ചടങ്ങിന് മുന്‍പ് നേമം പുഷ്പരാജ് സംവിധാനം ചെയ്ത കാനായിയുടെ കഥ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. മുന്‍ ക്യാപ്റ്റന്‍ വി .കൃഷ്ണന്‍, ഡോ.കെ.കൃഷ്‌ണേന്ദു എന്നിവരെ ആദരിച്ചു.
കെ. ജയകുമാറിന്റെ എഴുത്തും ജീവിതവും ആസ്പദമാക്കി പ്രഭാ അജാനൂര്‍ നയിച്ച സ്‌നേഹസംഭാഷണവും നടന്നു. തുടര്‍ന്ന് കലാ സായാഹ്നവും അരങ്ങേറി. പി.വി.ശ്യാമള ടീച്ചര്‍ നന്ദി പറഞ്ഞു.
