കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ ടൗണിലെ പ്രമുഖ പെട്രോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസി വ്യാപാരിയില്‍ നിന്ന് 3 കോടി രൂപ തട്ടിയെടുത്ത മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനെതിരെ വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങി കുറ്റങ്ങള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിക്ക് പരാതി. ചെറുവത്തൂരിലെ പെട്രോള്‍ പമ്പിന്റെ ലൈസന്‍സിയായിരുന്ന മലപ്പുറം തിരൂര്‍ കൈനക്കര സ്വദേശിയും ദുബായില്‍ പ്രവാസിയുമായ ഷാഹുല്‍ ഹമീദ് പട്ടത്തൂര് പമ്പ് ലൈസന്‍സ് ഉടമസ്ഥാവകാശം മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയെ സമീപിച്ചത് 3 വര്‍ഷം മുമ്പാണ്. പെട്രോള്‍ പമ്പിന്റെ സ്ഥലവും കെട്ടിടവും നേരത്തെ തന്നെ കാഞ്ഞങ്ങാട് സ്വദേശിയുടെ ഉടമസ്ഥതയിലായിരുന്നു. പെട്രോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം മാറ്റി നല്കാന് ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടത് 3 കോടി രൂപയാണ്. ഗള്‍ഫില്‍ വ്യാപാം നടത്തണമെന്ന ആവശ്യം അറിയിച്ചാണ് പണം ആവശ്യപ്പെട്ടത്. കാഞ്ഞങ്ങാട് സ്വദേശി ഷാഹുല്‍ ഹമീദിന് 3 കോടി രൂപ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പമ്പിന്റെ നടത്തിപ്പ് അവകാശം കാഞ്ഞങ്ങാട് സ്വദേശിക്ക് നല്കി. പീന്നീട് നിരവധി തവണ പമ്പ് ലൈസന്‍സ് മാറ്റണമെന്ന് ഷാഹുല്‍ ഹമീദിനോട് ആവശ്യപ്പെട്ടുവെങ്കിലും ഓരോരോ ഒഴിവ് കിഴിവുകള്‍ പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞു മാറി. ഏറ്റവുമൊടുവില്‍ 1 വര്‍ഷം മുമ്പ് ഇരുവരും ചേര്‍ന്ന് ലൈസന്‍സ് അവകാശം മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ബിപിസിഎല്‍ കമ്പനിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഫീസിനത്തില്‍ കാല് ലക്ഷം രൂപ ഒടുക്കുകയും ചെയ്തു. ഇതിനിടെ ലൈസന്‍സ് മാറ്റി നല്‍കണമെന്ന ആപേക്ഷയില് നിന്ന് പിന്മാറുകയും നിലവിലുള്ള പാസ്വേര്ഡും മൊബൈല്‍ നമ്പറും മറ്റ് രേഖകളുമൊക്കെ കാഞ്ഞങ്ങാട് സ്വദേശി അറിയാതെ മാറ്റുകയും, പമ്പ് ലൈസന്‍സ് മാറാതിരിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്റ്റോക്ക് എടുക്കാന്‍ ആവാതെ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനവും താളം തെറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 4 ന് ഷാഹുല്‍ ഹമീദും സഹോദരനും ചേര്‍ന്ന് പെട്രോള്‍ പമ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറുകയും ബിപിസിഎല്‍ കമ്പനിയില്‍ അടക്കാന്‍ വെച്ചിരുന്ന 42 ലക്ഷം രൂപ കൈവശപ്പെടുത്തുകയും ചെയ്തു. പമ്പ് വില്ക്കാന് ഉദ്ദേശിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് 3 കോടി രൂപ തട്ടിയെടുത്ത ശേഷം വിശ്വാസ വഞ്ചനയും ക്രിമിനല്‍ ഗൂഡാലോചനയും നടത്തിയ ഷാഹുല്‍ ഹമീദിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രവാസി വ്യാപാരി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്.
