മടിക്കൈ: ഡല്‍ഹിയിലെ താമസസ്ഥലത്ത് മരണപ്പെട്ട സൈനികന്‍ മടിക്കൈ ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ.വി.നിഷാന്തിന്റെ (32) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഇന്നലെ രാത്രി മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ച മൃതദേഹം രാവിലെ മടിക്കൈ അമ്പലത്തുകര വായനശാല പരിസരത്തും ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപത്തും പൊതുദര്‍ശത്തിന് വെച്ചശേഷം വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിച്ചത്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് കണ്ണൂര്‍ സെന്റര്‍ ഡി എസ് സി സുബൈദര്‍ മേജര്‍ ദില്‍ സിംഗ് നേതൃത്വം വഹിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സൈനിക വെല്‍ഫെയര്‍ ഓഫിസിന് വേണ്ടി ജില്ലാ ഓഫീസര്‍ ടി ടി ബിനീഷ് കുമാറും ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് സാബു എബ്രഹാമും ഹോസ്ദുര്‍ഗ് പോലീസിന് സബ് ഇന്‍സ്‌പെക്ടര്‍ അനൂപും റീത്ത് സമര്‍പ്പിച്ചു. സൈനിക സേന പരിഷത്ത്, സോള്‍ജിയര്‍ ഓഫ് കെ എല്‍ 14, സൈനിക കൂട്ടായ്മ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപാര്‍ട്ടി സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകരും പുരുഷസഹായ സംഘം, കുടുംബശ്രീ പ്രവര്‍ത്തകരുംറീത്ത് സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രകാശന്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുത്ത് ജനുവരി 30 നാണ് നിഷാന്ത് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. ശനിയാഴ്ച ഉച്ചയോടെയാണ് നിഷാന്ത് താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
