കാഞ്ഞങ്ങാട്: ബല്ല കടപ്പുറം സ്വദേശിനിയായ സുഫൈറ എ. രചിച്ച ‘വര്‍ണ നൂലുകള്‍’ എന്ന നോവല്‍ ബുക്ക് പ്ലസ് (Book Plus) പ്രസിദ്ധീകരിച്ചു ‘വര്‍ണ നൂലുകള്‍ ‘പ്രകാശനം ചെയ്തു. വടകരമുക്കില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനും വാര്‍ഡ് കൗണ്‍സിലറുമായ സി കെ റഹ്മത്തുള്ള കെ എം സി സി നേതാവ് കെ കെ സുബൈറിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ജീവിതത്തിന്റെ അതിജീവനത്തെക്കുറിച്ചാണ് ഈ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. മക്കള്‍ക്ക് വേണ്ടി തന്റെ ജീവിതം മുഴുവന്‍ ഒരു തയ്യല്‍ മെഷീന്റെ ചക്രങ്ങള്‍ക്കിടയില്‍ ഹോമിച്ച അബൂബക്കര്‍ എന്ന പിതാവിനെയും, അദ്ദേഹം പകര്‍ന്നുനല്‍കിയ അന്തസ്സ് മുറുകെപ്പിടിച്ച് ലോകത്തോടും ചതിക്കുഴികളോടും പൊരുതുന്ന ലൈല എന്ന മകളെയും നോവലില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. ജീവിതം ചിലപ്പോഴൊക്കെ ഒരു കഷ്ണം തുണി പോലെയാണെന്നും, ചിലയിടത്ത് അത് കീറിപ്പോയാലും ആത്മവിശ്വാസത്തിന്റെ സൂചിയും നൂലുമുണ്ടെങ്കില്‍ ആര്‍ക്കും തങ്ങളുടെ ജീവിതം മനോഹരമായി തുന്നിച്ചേര്‍ക്കാമെന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു. സഫ്‌വാന്‍ ബിച്ചാവയാണ് പുസ്തകത്തിന്റെ മനോഹരമായ കവര്‍ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ വിരലുകള്‍ക്കിടയിലൂടെ കടന്നുപോകുന്ന ജീവിതത്തിലെ വിങ്ങലുകളും പോരാട്ടങ്ങളും ലളിതമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.അബൂബക്കര്‍ സൗദ ദമ്പതികളുടെ മകളാണ് എ. സുഫൈറ. ഭര്‍ത്താവ് മൊയ്‌നുദീന്‍. മക്കള്‍: മിസ്ബ ഫാത്തിമ, സെഹ്‌റാന്‍ മാലിക്.
