തിരുവനന്തപുരം: സൂര്യതാപം രൂക്ഷമായി കൊണ്ടിരിക്കെ, വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ ഇത്തരം തൊഴിലാളികള്‍ക്ക് വിശ്രമ സമയം അനുവദിച്ചു. പുതുക്കിയ തൊഴില്‍ ക്രമീകരണം മേയ് 20 വരെ തുടരുമെന്ന് മുന്നറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തു വേനല്‍ച്ചൂട് അതിരൂക്ഷമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാത മേല്ക്കാനുളള സാധ്യതയുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. അതേസമയം, രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയുള്ള സമയത്തിനുള്ളില്‍ തൊഴിലാളികള്‍ വിശ്രമസമയം കഴിഞ്ഞു എട്ടു മണിക്കൂര്‍ ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
