കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് വളണ്ടിയര്‍ ത്രിദിന പരിശീലനം തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവര്‍ ചേര്‍ന്ന് 2025 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന വളണ്ടിയര്‍ പരിശീലന പരിപാടിക്ക് തുടക്കമായി. സാര്‍വത്രിക പരിചരണം അയല്‍പക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശവുമായാണ് പരിശീലന പരിപാടി നടത്തുന്നത്. സാമൂഹിക സന്നദ്ധ സേവന രജിസ്‌ട്രേഷന്‍,ഹോം കെയര്‍, രോഗി ബന്ധു സംഗമം തുടങ്ങിയ നിരവധി സേവന പരിചരണ പരിശീലനമാണ് ത്രിദിന വളണ്ടിയര്‍ പരിശീല ക്യാമ്പില്‍ നടക്കുന്നത്. നഗരസഭയിലെ 43 വാര്‍ഡുകളിലെയും തെരഞ്ഞെടുത്ത അംഗങ്ങള്‍ പങ്കെടുത്ത് ആലാമി പള്ളി മുന്‍സിപ്പല്‍ കോംപ്ലക്‌സില്‍ നടന്ന പരിശീലന ക്യാമ്പ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് എം വി ജീജ, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ ഷിജി ശേഖര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ഷെരീഫ്,ജില്ലാ ആശുപത്രി ജീവനക്കാരായ എച്ച് ഐ . പി മുരളീധരന്‍, അശ്വതി എസ് നായര്‍, പി കെ രാജി, എം കെ ബിന്ദു എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് നേഴ്‌സ് ദീപ്തി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങി നിരവധിയാളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു

 

error: Content is protected !!