ടെറാക്കൊട്ട ഗ്രാമീണ വിഷ്വല്‍ ആര്‍ട്ട് വിപണന കേന്ദ്രം 13 ന്

ചെറുവത്തൂര്‍: ടെറാക്കൊട്ട ഗ്രാമീണ വിഷ്വല്‍ ആര്‍ട്ട് വിപണന കേന്ദ്രം ചെമ്പ്രകാനം ചിത്ര ശില്പ കലാ അക്കാദമി അങ്കണത്തില്‍ 13 ന് രാവിലെ 10:30 ന് വെള്ളിയാഴ്ച സിനിമ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചിത്രകാരന്‍ കാരക്കമണ്ഡപം വിജയകുമാര്‍ തിരുവനന്തപുരം മുഖ്യാതിയാകും. പ്രൊഫ.ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ട് അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ വിവിധ ലയണ്‍സ് ക്ലബ് പ്രസിഡന്റുമാരും ജനപ്രതിനിധികളും പങ്കെടുക്കും. ശില്പ രചനകള്‍ കാണാന്‍ 15 ഓളം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും എത്തിച്ചേരും. വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതോടെ ആര്‍ട് അറ്റ് ഹോം എന്ന പദ്ധതി യാഥാര്‍ഥ്യമാകും. വീടായാല്‍ ഒരു ചിത്രവും ശില്പവും എന്ന പരിപാടി നടപ്പിലാക്കും അതിന്റെ ഭാഗമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീട്ടുകാര്‍ക്കും സൗജന്യ നിരക്കില്‍ ശില്പങ്ങള്‍ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കരകൗശല രചന ശാലകളുടെ ചിത്ര ശില്പങ്ങളുടെ പ്രദര്‍ശനവും വിപണനവും കേന്ദ്രത്തില്‍ നടക്കും.ടെറാക്കോട്ട ശില്പങ്ങള്‍ ബ്രോണ്‍സ് ശില്പങ്ങള്‍, കളിമണ്‍ ശില്പങ്ങള്‍, വിവിധതരം ആര്ടിസ്റ്റിക്‌സ് പൊട്രികള്‍, കണ്ടംബ്രറി പെയിന്റിംഗ്‌സ്, കണ്ടംബ്രറി ശില്പങ്ങള്‍ മോറല്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള രചനയും വില്പനയ്ക്ക് ഉണ്ടാകും. നേരത്തെ തിരഞ്ഞെടുത്ത 15 വിദ്യാര്‍ഥികള്‍ കേന്ദ്രത്തില്‍ ശില്പനിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. ശില്പകലയില്‍ കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേശീയ അവാര്‍ഡ് വാങ്ങിയ 16 കലാകാരന്മാരും ചെമ്പ്രകാനം ചിത്ര ശില്പ കലാ അക്കാദമയില്‍ നിന്നുള്ളവരായിരുന്നു എന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ശില്പി രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, സെക്രട്ടറി പി. ആദര്‍ശ്, ടി കൃഷ്ണപ്രിയ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!