നീലേശ്വരത്ത് അക്ഷരപ്പുഴയൊഴുകി; പുഴ സൗഹൃദ കാവ്യ സായാഹ്നം ശ്രദ്ധേയമായി

നീലേശ്വരം: ഭാരത കലാ സാഹിത്യ സഭ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘പുഴ സൗഹൃദ കാവ്യ സായാഹ്നം’ അക്ഷരാര്‍ത്ഥത്തില്‍ കവിതയുടെയും സൗഹൃദത്തിന്റെയും സംഗമവേദിയായി. കോട്ടപ്പുറം ‘വെളിച്ചം’ വായനയിടത്തില്‍ നടന്ന പരിപാടി നവപുരം മതാതീത ദേവാലയ സ്ഥാപകന്‍ പ്രാപ്പൊയില്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യരെ കൂട്ടിയിണക്കുന്ന പാലങ്ങളാണെന്നും പുഴയോരത്തെ ഈ കാവ്യസംഗമം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതകലാസാഹിത്യ സഭയുടെ ജില്ലാ പ്രസിഡന്റ് പ്രേമചന്ദ്രന്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. ചരിത്ര പണ്ഡിതന്‍ എം. ബാലകൃഷ്ണന്‍ നായര്‍ വിശിഷ്ടാതിഥിയായി. സപര്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പട്ടേന, കഥാകൃത്ത് അജിത് കൂവോട് , ഫറീന കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിസംഗമത്തില്‍ ജില്ലയിലെ പ്രമുഖ കവികള്‍ അണിനിരന്നു. സന്തോഷ് ഒഴിഞ്ഞവളപ്പ്, ശ്രീകുമാര്‍ കോറോം, ജയകൃഷ്ണന്‍ മാടമന, സൂര്യഗായത്രി, കൊടക്കാട് ദാമോദരന്‍, പ്രഭന്‍ നീലേശ്വരം, കെ.പി. നാരായണന്‍ ബെഡൂര്‍ , പത്മരാജ് എരവില്‍, ഹരി ശിവരൂര്‍, ഗിരിധര്‍ രാഘവന്‍, സുകുമാരന്‍ ബാനം, എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഭാരതകലാസാഹിത്യ സഭയുടെ ജില്ലാ കോഡിനേറ്റര്‍ ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരി സ്വാഗതവും സെക്രട്ടറി ആലീസ് തോമസ് നന്ദിയും പറഞ്ഞു. കവിതയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

error: Content is protected !!