പ്രഭാകരന് കാഞ്ഞങ്ങാട്
സംഗീത ഹൃദയത്തിലേറ്റിയ മലയാള മണ്ണില്‍ നിന്നും ഒരാള്‍ കൂടി യാത്രയായി. തമിഴകത്ത് നിന്ന് വന്ന മലയാളിത്തത്തിന്റെ മനസ്സു കീഴടക്കി. പ്രിയപ്പെ എസ് പി വി എന്ന എസ് പി വെങ്കിടേഷ്. ആ കൈവിരലുകളും മൂളക്കവും തീര്‍ത്ത ഓരോ ഈണങ്ങളും കേട്ട് ഓരോ മലയാളി സംഗീതാസ്വാദകനും ആഹ്ലാദിക്കുകയും അവരുടെ ഹൃദയം തേങ്ങുകയും ചെയ്തു. എസ് പി വി യാത്രയാവുമ്പോള്‍ ബാക്കിയാവുന്നത് , നമ്മളുണ്ടാക്കിയ പാട്ടുകള്‍ നമ്മള് പോലുമറിയാതെ ആളുകളെ സ്വാധീനിക്കുന്നു എന്നറിയുമ്പോള്‍ ഏറെ സന്തോഷമുണ്ട് എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ്.
ഓര്‍മ്മ വരുന്നത് അദ്ദേഹത്തിന്റേതല്ലാത്ത ഒരു പഴയ പാട്ടാണ്.
ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥപറയാം
തകരുമെന് സങ്കല്പത്തിന് തന്ത്രികള്‍ മീട്ടി
തരള മധുരമൊരു പാട്ടുപാടാം പാട്ടുപാടാം
ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥപറയാം……
കറുത്തപൗര്‍ണമി എന്ന സിനിമയ്ക്ക് വേണ്ടി പി. ഭാസ്ക്കരന്‍ മാഷ് എഴുതിയ പാട്ടാണിത്. എം കെ അര്ജുനന് മാഷായിരുന്നു സംഗീത സംവിധാനം. സിനിമ സംവിധാനം ചെയ്തതാകട്ടെ അന്ന പ്രശസ്തനായ നാരായണന് കുട്ടി വല്ലത്ത് ആണ്. പിന്നീട് കാലങ്ങള്‍ക്ക് ശേഷം. അതുപോല ആ പാട്ടിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഒരു മികച്ച കംമ്പോസിങ്ങ് സംഭവിച്ചത്. എസ് പി വി യുടെ ഗിറ്റാറിലൂടെയാണ്. മനസ്സും ഹൃദയവും മുറിവേല്‍പ്പിച്ച് സങ്കടപ്പെടുത്തുന്ന ഒരു ഗാനം. കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത വാല്‍സല്യം സിനിമയ്ക്ക് വേണ്ടിയായിരുന്നു കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ രചന. ലോഹിത ദാസിന്റെ തിരക്കഥ 1993 ല്‍ സൂപ്പര്‍ ഹിറ്റായ കുടുംബ ചിത്രം.
അലയും കാറ്റിന് ഹൃദയം….
അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍
പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്
പൊന്‍മൈനകള്‍ മിണ്ടാതെയായ്……..
വൈദേഹി പോകയായി
വനവാസ കാലമായി
രാമരാജധാനി വീണ്ടും ശൂന്യമായ്
വിമൂകയായ് സരയൂനദി
സംഗീതരാജന് എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ സംഗീത സംവിധായകനായിരുന്നു എസ്.പി.വെങ്കിടേഷ് എന്നറിയപ്പെടുന്ന എസ്.പി.വി. 1968 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി.വിയും ഉണ്ടായിരുന്നു. ഓര്‍ക്കസ്ട്രയിലുള്ള അപാരമായ മികവ് അങ്ങനെ നേടിയതാണ്.കണ്ണൂര്‍ രാജന്, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, എം.കെ.അര്ജുനന് മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവന് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും ഓര്‍ക്കസ്ട്രകനായും ഇവര്‍ക്കൊപ്പം ഏറെ നാള് പ്രവര്‍ത്തിച്ചു.19852000 കാലയളവില്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഇദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി മാറി.1955 മാര്‍ച്ച് 5ന് തമിഴ്നാട്ടില്‍ ജനിച്ചു. പിതാവ് പഴനി മാന്‍ഡലിന്‍ വാദകനായിരുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ മൂന്ന് വയസ് മുതല്‍ക്കെ മാന്‍ഡലിന്‍ വായിക്കാന്‍ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളില്‍ രവീന്ദ്രന്, എ.ടി. ഉമ്മര്‍ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 1971ല്‍ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയില്‍ ഗിറ്റാര്‍ വായിച്ചാണ് തുടക്കം. 1975ല്‍ കന്നട സിനിമയില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച എസ്.പി.വി 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983ലാണ് മലയാള സംഗീതത്തില്‍ സജീവമാകുന്നത്. അതിനു മുന്‍പേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.
1986ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലന് എം.എ എന്ന സിനിമയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.
1986ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന് എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നല്‍കിക്കൊണ്ടാണ് മലയാള സിനിമയില്‍ എസ്.പി.വിയുടെ തുടക്കം.
സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങള്‍ മലയാളത്തില്‍ ഒരു തരംഗമായി മാറുകയായിരുന്നു.
ഇന്ദ്രജാലം, പൈതൃകം, തുടര്‍ക്കഥ, വാത്സല്യം, ജോണിവാക്കര്‍, കിലുക്കം, ഹിറ്റ്ലര്‍, സോപാനം എന്നിങ്ങനെ നിരവധി സിനിമകളില്‍ എസ്.പി.വി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്കിയ പശ്ചാത്തല സംഗീതം മലയാളത്തില്‍ എസ്.പി.വിക്ക് പ്രശസ്തി നല്കി.19852000 കാലയളവില്‍ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചു. മലയാളത്തിലെ മിക്ക ഗാന രചയിതാക്കളുടെ പാട്ടുകള്‍ക്കും കവിതകള്‍ക്കും വെങ്കിടേഷ് സംഗീതം നല്കി. ട്യൂണ്‍ ഉണ്ടാക്കി പിന്നീട് ചെയ്ത പാട്ടുകളും പാട്ടെഴുതി സംഗീത നല്കിയ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായി മാറിയത് നമ്മള് കണ്ടു. സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി സിനിമ കിഴക്കന്‍ പത്രോസിലെ എല്ലാ പാട്ടുകളും മികച്ചതായിരുന്നു. യശ്ശശരീരനനായ ഓ എന്‍ വി കുറുപ്പ് എഴുതിയ ഗാനം ശ്രദ്ദേയമായി.
പാതിരാക്കിളീ വരു പാല്ക്കടല് കിളി…….
ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലര്‍മേടിറങ്ങി വാ…
പൂവു നുള്ളിവാ മലര്‍ക്കാവിലൂടെ വാ
കാറ്റിലാടുമീ മുളങ്കാട്ടിനുളളിലും…
ഓണവില്ലൊലി മുഴങ്ങുന്നു…
പാതിരാക്കിളീ വരു പാല്ക്കടല് കിളീ…
ഓണനാളില്നീ കഥയൊന്ന് ചൊല്ലിവാ… സിനിമയില്‍ ഓണപ്പാട്ടുകള്‍ക്കൊപ്പം ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്നായി അതു മാറി.
ഓര്‍ത്തിരുന്നു നിന്നെ
കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ.. മാത്രം വന്നതില്ല…
കണ്ണീരിന് മണികള്‍ പോലും
നറുമുത്തായ് മാറ്റും ഗാനം
നീ.. പാടാമോ..
ചന്ദനകാറ്റേ.. കുളിര് കൊണ്ടു വാ..
ചന്ദനകാറ്റേ..
കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യ എന്ന സിനിമയിലെ പ്രശസ്തമായ ഗാനമാണിത്. ഹനീഫ സംവിധാനം ചെയ്ത വാത്സല്യം, ഭീഷ്മാചാര്യ, എന്നിങ്ങനെ വന്വിജയമായിത്തീര് ചലച്ചിത്രങ്ങള്‍ക്കെല്ലാം എസ് പി വെങ്കിടേഷ് സംഗീതവും പാശ്ചാത്തല സംഗീതവും നല്കി. ഏറെക്കാലം നീണ്ടു നിന്ന സൗഹൃദമായിരുന്നു രണ്ടുപേരും. എസ്. പി വെങ്കിടേഷ്, കൊച്ചിന് ഹനീഫ, യേശുദാസ്, ചിത്ര കൂട്ടുകെട്ടില്‍ നിരവധി ഗാനങ്ങള്‍ പിറന്നു.
അതുപോലെ എം ജി ശ്രീകുമാറിനും ലഭിച്ചു നിരവധി ഹിറ്റ് ഗാനങ്ങള്‍.
ശരറാന്തല്‍ പൊന്നും പൂവും.
വാരി തൂകും..
ഒരു രാവില്‍ വന്നു നീയെന്‍
വാര്‍തിങ്കളായ്…
നിറവാര്‍ന്നൊരുള്‍പൂവിന്റെ
ഇതള്‍ തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്..
ഏതോ….
മണ് വീണ.
തേടീ….
നിന് രാഗം.
താരകങ്ങളേ..
നിങ്ങള്‍ സാക്ഷിയായ്.
ഒരു മുത്തു ചാര്‍ത്തീ ഞാന്‍
എന്നാത്മാവില്..
എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തില്‍ ഇതുവരെ 150 ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്നു.രാജാവിന്റെ മകന് ശേഷമുള്ള ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു സ്ഫടികം. ഏറെ വിഷമിച്ചും അല്പം ആഹ്ലാദിച്ചും അനുഭവിച്ചുമാണ് സ്ഫടികലെ പാട്ടുകള്‍ താന്‍ പാടിയതെന്ന് കെ എസ് ചിത്ര പറഞ്ഞിട്ടുണ്ട്.
‘സ്ഫടിക’ത്തിലെ മനോഹരമായ ഒരു മെലഡിയാണ്, ‘ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി.’ഗൃഹാതുരത്വം കലര്‍ന്ന വരികളും ഈണവും: ഇതേ ഗാനം എം ജി ശ്രീകുമാറും പാടി. നിര്‍ഭാഗ്യവശാല്‍ ഗാനങ്ങളെഴുതിയ ഭാസ്കരന് മാഷ് ഇന്ന് നമുക്കൊപ്പമില്ല. മാഷ് അവസാനമായി പാട്ടെഴുതിയ സിനിമകളില്‍ ഒന്നായിരുന്നു ‘സ്ഫടികം’. ചിത്ര പാടി അനശ്വരമാക്കിയ ഭാസ്കര ഗീതികളില്‍ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം (കാണാന്‍ കൊതിച്ച്), പുലര്‍കാല സുന്ദര സ്വപ്നത്തില്‍ (ഒരു മെയ് മാസപ്പുലരിയില്‍), രാപ്പാടി തന് (ഡെയ്സി), പത്തു വെളുപ്പിന് (വെങ്കലം) എന്നീ പ്രശസ്ത ഗാനങ്ങളും ഉള്‍പ്പെടുന്നു. മഹാനായ ആ പ്രിയപ്പെ സംഗീതകാരന് മുന്നില്‍ ശതകോടി പ്രണാമം അര്‍പ്പിക്കുന്നു.
