സംഗീത സംവിധായകന്‍ എസ്.പി വെങ്കടേഷ് അന്തരിച്ചു

ചെന്നൈ: നിത്യഹരിത ഗാനങ്ങള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയസംഗീത സംവിധായകന്‍ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 1955 മാര്‍ച്ച് 5ന് തമിഴ്‌നാട്ടിലാണ് എസ്.പി.വെങ്കിടേഷ് ജനിച്ചത്. മാന്‍ഡലിന്‍ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തില്‍ മൂന്ന് വയസ് മുതല്‍ക്കെ മാന്‍ഡലിന്‍ വായിക്കാന്‍ പഠിച്ച അദ്ദേഹം സംഗീത സംവിധായകരായ രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയവരുടെ സഹായിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1968 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

1971ല്‍ സംഗീത സംവിധായകനായ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാര്‍ വായിച്ചാണ് തുടക്കം. 1975ല്‍ കന്നട സിനിമയില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി തുടങ്ങിയ അദ്ദേഹം 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983ലാണ് മലയാള ത്തില്‍ സജീവമാകുന്നത്.
1986ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച് എസ്.പി.വെങ്കിടേഷ് ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.

1986ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നല്‍കിക്കൊണ്ടാണ് മലയാള സിനിമയില്‍ തുടക്കം. സിനിമ പോലെ തന്നെ അതിലെ പാട്ടുകളും വന്‍ ഹിറ്റായതോടെ എസ്.പി.വെങ്കിടേഷിന്റെ ഗാനങ്ങള്‍ മലയാളത്തില്‍ ഒരു തരംഗമായി മാറുകയായിരുന്നു.

പിന്നീട് പുറത്തിറങ്ങിയ പല ഹിറ്റ് സിനിമകള്‍ക്കും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കി സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകന്‍ എന്ന പേരും എസ്.പി. വെങ്കടേഷ് സ്വന്തമാക്കി. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, ദേശാനടക്കിളികള്‍ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. മലയാളത്തില്‍ ഏകദേശം 150 ഓളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1999 ല്‍ ഇതു മുടിവിതില്ലൈ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ഒന്‍പത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. വെള്ളേപ്പം എന്ന ചിത്രത്തിനാണ് അവസാനം സംഗീതമൊരുക്കിയത്. 1993ല്‍ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ്. പി. വെങ്കടേഷിനെ തേടിയെത്തി.

error: Content is protected !!