പെരിയ സണ്‍ഡേ വെറ്ററന്‍സ് ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു: ജോളി തായന്നൂര്‍ ജേതാക്കള്‍; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ സമ്മാനങ്ങള്‍ വിതരണം ചെയ്തു

പെരിയ : പെരിയ കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന ഒരു കൂട്ടം പഴയ താരങ്ങള്‍ ഒരു വര്‍ഷത്തിലധികം പരിശീലനം നടത്തുകയും സണ്‍ഡേ വെറന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് പെരിയ എന്ന പേരില്‍ ക്ലബ്ബ് രൂപീകരണം നടത്തുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ആദ്യ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 18 മുതല്‍ ഫെബ്രുവരി ഒന്നു വരെ പെരിയ മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ഈവനിംഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ അഭാവം കാണികളില്‍ ഉണ്ടാക്കിയ വിഷമങ്ങള്‍ക്ക് പരിഹാരമാ വുകയാണ് ഈ മത്സരങ്ങള്‍. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മേഖലയിലെ പ്രഗല്‍ഭരായ 16 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഞായറാഴ്ച നടന്നു. മോണിംഗ് ഫുട്‌ബോള്‍ ക്ലബ്ബ് പനയാലും ജോളി തായന്നൂരുമായിരുന്നു ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. പുല്ലൂര്‍ പെരിയാര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ഉഷ എം. നായര്‍, പതിനേഴാം വാര്‍ഡ് മെമ്പര്‍ എ. വേണു, അനൂപ് കൃഷ്ണന്‍, ക്ലബ്ബ് സെക്രട്ടറി പ്രശാന്ത്‌പെരിയ, പ്രസിഡണ്ട് ശശി മുക്കൂട്, ട്രഷറര്‍ സുകേഷ് ബാബു വേലാശ്വരം, മധു മുണ്ടയില്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ മോണിംഗ് ഫുട്‌ബോള്‍ ക്ലബ്ബ് പനയാലിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി കൊണ്ട് ജോളി തായന്നൂര്‍ വിജയികളായി. സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ മുഖ്യാതിഥിയായി സമ്മാനദാനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ശശി മുക്കൂട് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ഉഷ.എം. നായര്‍, പതിനേഴാം വാര്‍ഡ് മെമ്പര്‍ എ. വേണു, അനൂപ് കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പി ക്കുകയും വിവിധ വ്യക്തിഗത ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസത്തെ മത്സരങ്ങളില്‍ കൂപ്പണ്‍ പിരിവിലൂടെ സമാഹരിച്ച ഒന്‍പതിനായിരത്തി നൂറ് രൂപ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ തടത്തില്‍ താമസിക്കുന്ന എം ബിജു കുമാറിന്റെ മകള്‍ 13 വയസ്സ് പ്രായമുള്ള അന്‍വിത ബിജുവിന്റെ ചികിത്സ ചെലവിലേക്ക് നല്‍കിക്കൊണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ കാരുണ്യ സ്പര്‍ശത്തിന്റെ ഉദാത്ത മാതൃകയ്ക്ക് ക്ലബ്ബിന്റെ ആദ്യ പ്രവര്‍ത്തനത്തില്‍ തന്നെ തുടക്കമിടുകയും ചെയ്തു. ഈ പ്രവര്‍ത്തനം നാട്ടുകാരിലും കായിക പ്രേമികളിലും ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെ മികവുറ്റതാക്കി മാറ്റി. സമാപന ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പെരിയ സ്വാഗതവും ക്ലബ്ബ് ട്രഷറര്‍ സുകേഷ് ബാബു നന്ദിയും പറഞ്ഞു.

 

error: Content is protected !!