സ്‌കൂളുകളില്‍ യോഗ അധ്യാപകരെ നിയമിക്കുക: യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു

തൃക്കരിപ്പൂര്‍: ജീവിതശൈലിയും കടുത്ത മത്സരവും മൂലം മാനസികശാരീരിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ വളരുന്നത്. പഠനഭാരം, പരീക്ഷാ സമ്മര്‍ദ്ദം, മൊബൈല്‍ഡിജിറ്റല്‍ ആശ്രയം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. യോഗ കുട്ടികളുടെ ശാരീരിക ആരോഗ്യവും മാനസിക സമതുലിതത്വവും ആത്മനിയന്ത്രണവും വളര്‍ത്തുന്ന ശാസ്ത്രീയവും പാരമ്പര്യപരവുമായ മാര്‍ഗമാണ്. പഠനത്തില്‍ ഏകാഗ്രത വര്‍ധിപ്പിക്കാനും ആത്മവിശ്വാസം വളര്‍ത്താനും യോഗാഭ്യാസം വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ ഇന്ന് സ്‌കൂളുകളില്‍ യോഗ പരിശീലനം ക്രമബദ്ധമായി ലഭ്യമാകുന്നില്ല; സ്ഥിരം യോഗ അധ്യാപകരുടെ അഭാവം അതിന് പ്രധാന കാരണം തന്നെയാണ്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ പാഠ്യ പ്രവര്‍ത്തനമായി ഉള്‍പ്പെടുത്തി യോഗ അധ്യാപകരെ സ്ഥിരമായി നിയമിക്കണം എന്ന ആവശ്യം യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ശക്തമായി ഉന്നയിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് രമാവതി കെ അദ്ധ്യക്ഷയായി. യോഗ ടീച്ചഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ : കെ.ടി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി പ്രദീപന്‍ മാഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ദീവ പി, പി.വി. ചന്ദ്രന്‍, രാജന്‍.എം , രാമചന്ദ്രന്‍.വി, ഉണ്ണി.എ.വി, പ്രിയ. ടി ഭാസ്‌ക്കരന്‍. പി എന്നിവര്‍ സംസാരിച്ചു. യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഗണേഷ് കെ.വി സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

error: Content is protected !!