യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രപിതാവിനെ നിന്ദിക്കുന്നവരും ദേവസ്വം സ്വത്ത് കൊള്ളയടിക്കുന്നവരുമായ ദേശവിരുദ്ധരുടെ കൂടാരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മാറിയെന്ന് ബി പി പ്രദീപ്കുമാര്‍ ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും രാഷ്ട്രപിതാവിന്റെ പേര് വെട്ടി മാറ്റുകയും പദ്ധതിയെ തകര്‍ക്കുന്ന തരത്തില്‍ അതിന്റെ ഘടന പോലും മാറ്റുന്ന രീതിയില്‍ പുതിയ നയം നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെയും ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണ്ണം എസ് ഐ ടി അന്വേഷണം അട്ടിമറിക്കുന്ന തരത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത് . നെഹ്‌റുവിന്റെ പേര് നെഹ്‌റു യുവ കേന്ദ്രത്തില്‍ നിന്നും മാറ്റിയത് പോലെ ഇന്ദിരാ ആവാസ് യോജനയില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ പേര് മാറ്റിയത് പോലെ രാജീവ് ഗാന്ധി ഖേല്‍രത്‌നയില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് വെട്ടി മാറ്റിയത് പോലെ ഇപ്പോള്‍ രാഷ്ട്രപിതാവിന്റെ പേര് പോലും മുറിച്ചുമാറ്റുന്ന രാജ്യത്തിന്റെ ചരിത്രം തിരസ്‌കരിക്കുന്ന ദേശവിരുദ്ധരായ ആളുകളായി മോദി സര്‍ക്കാര്‍ മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മായ്ച്ചു കളയേണ്ട ഗതികേടിലാണ് ബിജെപി എന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം കേരളം ഭരിക്കുന്ന പിണറായി വിജയനും കൂട്ടരും കേരളം മുഴുവന്‍ കൊള്ളയടിച്ച് അവസാനം ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണ്ണം മുഴുവന്‍ കട്ടെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഒന്നൊന്നായി ജയിലില്‍ പോയപ്പോള്‍ ഇനിയും കൂടുതല്‍ നേതാക്കന്മാരും കടങ്കം പള്ളിയെ പോലെയുള്ള മുന്‍ മന്ത്രിമാരും ജയിലില്‍ ആകുമെന്ന് കണ്ട് അന്വേഷണം അട്ടിമറിക്കാന്‍ എസ് ഐ ടിയില്‍ സിപിഎമ്മുകാരായ പോലീസുകാരെ തിരുകി കയറ്റി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും, ആഭ്യന്തരമന്ത്രിയാണ് എന്ന് തിരിച്ചറിവ് പോലും ഇല്ലാതെ പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തരത്തിലേക്ക് തരംതാണു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് സി എം, ജവാദ്പുത്തൂര്‍, ജില്ലാ ഭാര വാഹികളായ മാര്‍ട്ടിന്‍ജോ ര്‍ജ്, വിനോദ് കപ്പിത്താന്‍, അനൂപ് കല്ല്യാട്ട്, റാഫി അഡൂര്‍, ശ്രീനാഥ് ബദിയടുക്ക, സുചിത്ത് തച്ചങ്ങാട്, അക്ഷയ എസ് ബാലന്‍, മാര്‍ട്ടിന്‍ അബ്രഹാം, രജിത രാജന്‍, നിയോജക മണ്ഡലം പ്രിസിഡന്റ് മാറായ, ആബിദ് എടച്ചേരി, വസന്തന്‍ ഐ എസ്,ഷിബിന്‍ ഉപ്പിലിക്കൈ, കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞി വിദ്യാനഗര്‍, ഉസ്മാന്‍ അണങ്കൂര്‍, അബ്ദുള്‍ റസാക്ക് ചെര്‍ക്കള, കമലാക്ഷ സുവര്‍ണ്ണ, ഷാഹിദ് പുലിക്കുന്ന്, പ്രശാന്ത് ഇടനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!