വിദ്യാലയത്തില്‍ ഗുഹ കണ്ടെത്തി ‘ കല്‍ പ്രകാശം’ എന്ന പേരില്‍ ഗുഹാ പ്രദര്‍ശനം നടത്തി

കാഞ്ഞങ്ങാട്: പാറപ്പള്ളി അമ്പലത്തറ ജി.വി.എച്ച്.എസ്.എസ് വിദ്യാലയത്തില്‍ പ്രാചീനമായ ഗുഹ കണ്ടെത്തി. യു പി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ ശാസ്ത്രപാഠഭാഗത്ത് ഗുഹയെ കുറിച്ചുള്ള പഠനം പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍, വിദ്യാലയത്തില്‍ കാടു പിടിച്ചു കിടക്കുന്ന ഗുഹ വിദ്യാലയത്തിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം വൃത്തിയാക്കുകയും ഹെഡ് മാസ്റ്റര്‍ പി.വി.രാജേഷ്, പി ടി എ പ്രസിഡന്റ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശന യോഗ്യമാക്കുകയും ചെയ്തു. ചരിത്രാവശേഷിപ്പുകളുടെ നേര്‍ കാഴ്ച വിദ്യാലയത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞതിലും , ചരിത്ര പൈതൃകം സംരക്ഷിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞതിലും ഉള്ള അഭിമാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ എന്ന് ഹെഡ് മാസ്റ്റര്‍ പി.വി.രാജേഷ് പറഞ്ഞു. കൂടുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ ഗുഹാപരിസരത്തെ
ജൈവ പാര്‍ക്കായി മാറ്റിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി ഗുഹയ്ക്ക് മളി എന്നാണ് ആദ്യ കാലത്ത് ജനങ്ങള്‍ വിളിച്ചിരുന്നത്.
സ്‌കൂള്‍ പറമ്പില്‍ തന്നെ കണ്ടെത്തിയ ഗുഹ വിദ്യാര്‍ത്ഥികള്‍ക്കും , നാട്ടുകാര്‍ക്കുമായി ‘ കല്‍ പ്രകാശം’ എന്ന പേരില്‍ ഗുഹാ പ്രദര്‍ശനം നടത്തി. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ചരിത്രാധ്യാപകനായ നന്ദകുമാര്‍ കോറോത്ത് ഗുഹാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി രാജേഷ് സ്വാഗതവും, എസ് എസ് എസ് എസ് ലീഡര്‍ പാര്‍വ്വണേന്ദു നന്ദിയും പറഞ്ഞു. സാമൂഹ്യ ശാസ്ത്രം സ്‌കൂള്‍ അദ്ധ്യാപകന്‍ പി.വി.രാഹുല്‍ പദ്ധതി വിശദികരണം നടത്തി. അബൂബക്കര്‍ മാസ്റ്റര്‍, സ്‌ക്കൂള്‍ പരിസരവാസി ചോയി അമ്പു, ബ്ലോക്ക് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍ , അമ്പലത്തറ ജനമൈത്രി പോലീസ് ടി വി.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
പരിസര പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഗുഹ കാണുവാനായി എത്തുന്നത്.

 

error: Content is protected !!