ഭാഗ്യം തേടിയെത്തിയത് അഞ്ചുപേര്‍ക്കിടയില്‍ നിന്ന്; ജന്മസാഫല്യമായി ഷിജു നേണിക്കത്തിന് തിരുമുടി നിയോഗം

ക്ലായിക്കോട്: അകാംഷയുടെ നിമിഷങ്ങള്‍ മാറി മറിഞ്ഞ വരച്ചുവെക്കല്‍ ചടങ്ങില്‍ ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറ്റാനുള്ള നിയോഗം ചെറുവത്തൂര്‍ ഷിജു നേണിക്കത്തിന്. നേണിക്കമായി അചാരപ്പെട്ട ശേഷം അധികാര പരിധിയില്‍ വരുന്ന ആദ്യ പെരുങ്കളിയാട്ടത്തില്‍ തന്നെ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അപൂര്‍വ്വഭാഗ്യവും ഇതിലുടെ ഷിജുവിന് സിദ്ധിച്ചു.

അവകാശികളായുള്ള അഞ്ച് കോലധാരികളുടെ പേരില്‍ നടത്തിയ പ്രശ്‌ന ചിന്തയില്‍ നിന്നാണ് ഉത്തമരാശിയോടെ ഷിജു തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത കോലധാരി പള്ളിക്കര ബാലന്‍ കര്‍ണ്ണമൂര്‍ത്തിയുടെയും ലക്ഷ്മിയമ്മയുടെയും മകനായ ഷിജു തന്റെ ഏഴാം വയസ്സ് മുതലാണ് ആടിവേടനും ഓണത്താറും കെട്ടി തെയ്യം രംഗത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഡ്രിഗ്രി കാലയളവില്‍ ഓലക്കര മാടത്തില്‍ ഊര്‍പ്പഴശ്ശി കോലം ധരിച്ച് തെയ്യാട്ടക്കളത്തില്‍ സജീവമായി.

ചെറുവത്തൂര്‍ കമ്പിക്കാത്ത് മാടത്തില്‍ വൈരജാതനീശ്വരന്റെ കോലം ധരിക്കാന്‍ 2024 ഏപ്രില്‍ മാസത്തിലാണ് ചെറുവത്തൂര്‍ നേണിക്കമായി ആചാരപ്പെടുന്നത്. ഭഗവതി തെയ്യങ്ങള്‍ക്കൊപ്പം പുരുഷ ദൈവങ്ങളും പകര്‍ന്നാടുന്ന ഷിജു നേണിക്കം ഇതിനോടകം വൈരജാതനീശ്വരന്‍, മുന്നായീശ്വരന്‍,പുലി ദൈവങ്ങള്‍, മാഞ്ഞാളമ്മ,ചെക്കിപ്പാറ ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി,അങ്കക്കുളങ്ങര ഭഗവതി,ചെറളത് ഭഗവതി,പുതിയ ഭഗവതി,ഊര്‍പ്പഴശ്ശി തുടങ്ങി നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടി.

42 കാരനായ ഷിജുനേണിക്കം കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയാണ്.
രജിനയാണ് ഭാര്യ.വേദ ശ്രീബാല
വസുദേവ് മോഹന്‍ എന്നിവരാണ് മക്കള്‍

 

error: Content is protected !!