മനുഷ്യനെ സംരക്ഷിക്കാതെയുള്ള വന്യജീവിസംരക്ഷണം ശരിയല്ല: പി.വി. രാജഗോപാല്‍

വെള്ളരിക്കുണ്ട് : മനുഷ്യന്റെ ജീവനുംസ്വത്തിനുംസംരക്ഷണം നല്‍കാതെയുള്ള വന്യജീവി സംരക്ഷണത്തെ അംഗീകരിക്കാനാവില്ലെന്ന് പ്രമുഖ ഗാന്ധിയന്‍ പി.വി. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് വെള്ളരിക്കുണ്ടില്‍ സ്വതന്ത്ര്യ ദിനം മുതല്‍ നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.165 ദിവസമായി നടന്നു വരുന്ന സത്യാഗ്രഹത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ സംവാദങ്ങളിലൂടെയാണ് കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതെന്നും അതിനായി ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന സമരങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനം വകുപ്പിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കു പകരം ജനങ്ങളുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് വന്യജീവികളെ സംരക്ഷിക്കേണ്ടതെന്ന്, വന്യജീവി സങ്കേതങ്ങള്‍ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാതെ നിലനില്‍ക്കുന്ന പല വിദേശ രാജ്യങ്ങളിലെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി. ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ലത അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വച്ച് കര്‍ഷകസ്വരാജ് സത്യാഗ്രഹം കൂടുതല്‍ തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള 24 മണിക്കൂര്‍ വീതമുള്ള റിലേ ഉപവാസ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു. ആദ്യ സത്യാഗ്രഹിയായ ബളാല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫിനെ പി.വി രാജഗോപാല്‍ സത്യാഗ്രഹഹാരമണിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം , പത്തായത്ത് മെമ്പര്‍ ഷാജന്‍ പൈങ്ങോട്ടു്, എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ടി.ആര്‍ സോമന്‍ , ഫെറോന വികാരി റവ.ഡോ.ജോണ്‍സന്‍ അന്ത്യാകുളം, സത്യാഗ്രഹ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ അഡ്വ ബിനോയി തോമസ് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി കൃതജ്ഞതയും പറഞ്ഞു.കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ അന്തിമ ഘട്ടം എന്ന നിലയില്‍ ഫെബ്രുവരി 5 മുതല്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ സത്യാഗ്രഹ സമിതി ചെയര്‍മാന്‍ സണ്ണി പൈകട അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അതിന്റെ മുന്നോടിയായി റിപ്പബ്ലിക് ദിനം മുതല്‍ കര്‍ഷകസ്വരാജ് സത്യാഗ്രഹം ഈരാറ്റുപേട്ടയിലുമാരംഭിച്ചു. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ കെ.വി ബിജു ഈരാപേട്ടയിലാരംഭിച്ച തുടര്‍സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി മുതു പുന്നക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ വി.പി. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.

 

error: Content is protected !!