കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ്സിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ്സിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിച്ചു. സൗത്തിന്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാമത്തെ സീസണാണ് കൊവല്‍പ്പള്ളി ടര്‍ഫില്‍ നടന്നത്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍, വിമുക്തി മിഷന്‍, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌നേഹം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ ഉപവാസ വാരത്തിന്റെ പ്രചരണാര്‍ത്ഥം കൂടിയാണ് ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിച്ചതെന്ന് കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ധീഖി പറഞ്ഞു.

കുട്ടികള്‍ അഞ്ച് ടീമുകളായി തിരിഞ്ഞ് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റ് സംഘാടനം, സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തല്‍, അച്ചടക്കം തുടങ്ങി എല്ലാ മേഖലയിലും കുട്ടികളുടെ നേതൃത്വമാണ്. അധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതലയാണ്. ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ നേതൃത്വ ഗുണം, സംഘാടന മികവ്, സംരംഭകത്വം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി പ്രിന്‍സിപ്പല്‍ പി എസ് അരുണ്‍ പറഞ്ഞു.

പി ടി എ പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ എന്‍ ഉണ്ണികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ബഷീര്‍, കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദിഖി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, സ്റ്റാഫ് സെക്രട്ടറി കെ പി രഞ്ജിത്ത്, കായികാധ്യാപകന്‍ അബ്ദുള്‍ ഷുക്കൂര്‍, ജാഗ്രതാ സമിതി അംഗം ദാമോദരന്‍, സ്‌കൂള്‍ ലീഡര്‍ ഗോകുല്‍ രാജ്, റമീസ്,മുന്‍സിര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

error: Content is protected !!