ചെറുവത്തൂര്‍: പതിനെട്ടു സംവത്സരങ്ങള്‍ക്ക് ശേഷം ക്ലായിക്കോട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 4 മുതല്‍ 7 വരെ പെരുങ്കളിയാട്ടം നടക്കും. 27 ന് പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ വരച്ചു വയ്ക്കല്‍ ചടങ്ങ് നടക്കും. രാവിലെ 9 മണിക്കും 9.45 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ആണ് വരച്ചുവെക്കല്‍ ചടങ്ങ്. അന്നേദിവസം വിവിധ മുച്ചിലോട്ടുകളില്‍ നിന്നുള്ള ആചാര സ്ഥാനികര്‍ ഉള്‍പ്പെടെ പതിനായിരത്തോളംപേര്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. വരച്ചു വയ്ക്കല്‍ ദിനം മുതല്‍ പെരുങ്കളിയാട്ട സമാപന ദിവസത്തിന്റെ തലേന്ന് വരെ വിവിധ കലാ–സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
ഫെബ്രുവരി 3 ന് വൈകീട്ട് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. 4 ന് രാവിലെ കുട്ടമത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും കൊണ്ട് വരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കം കുറിക്കും. വിവിധ ദിവസങ്ങളിലായി ഏകദേശം ഒരു ലക്ഷം പേര്‍ക്ക് അന്നപ്രസാദം വിതരണം ചെയ്യും. ക്ലായിക്കോട് മുച്ചിലോട്ട് ക്ഷേത്ര പരിധിയിലുള്ള കിടപ്പുരോഗികള്‍ക്ക് അന്ന പ്രസാദം വീടുകളില്‍ എത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് രത്നാകരന് പെരിയാരത്ത്, ജനറല്‍ കണ്‍വീനര്‍ എ വി സുധാകരന്, ട്രഷറര്‍ കെ വി പുരുഷോത്തമന് മാസ്റ്റര്‍, എന്‍ വി രാമചന്ദ്രന്, എം അനൂപ്, എന്‍ വി ചന്ദ്രന്, സുകുമാരന്‍ നാലുപുരപ്പാട്, വനിത കമ്മിറ്റി ഭാരവാഹികളായ ശ്രീകല, സുമ ചന്ദ്രന്, പി.വി സുമതി തുടങ്ങിയവര്‍ പങ്കെടുത്തു.
