പൂരക്കളി മറത്തുകളി ശില്പശാലയും വി.പി ദാമോദരന്‍ പണിക്കര്‍ സ്മാരക പണ്ഡിത ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണവും 25,26 തീയ്യതികളില്‍

ചെറുവത്തൂര്‍ :കേരള പൂരക്കളി കലാ അസോസിയേഷന്‍ കേരള പൂരക്കളി അക്കാദമിയുടെ സഹ കരണത്തോടെ സംഘടിപ്പിക്കുന്ന പൂരക്കളി മറത്തുകളി ശില്പശാലയും വി.പി ദാമോദരന്‍ പണിക്കര്‍ സ്മാരക പ്രഥമ പണ്ഡിത ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണവും 25,26 തീയ്യതികളില്‍ ചെറുവത്തൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാണ്ഡിത്യവും സാഹിത്യവും മാറ്റുരക്കുന്ന മറുത്തുകളിക്കും , കലയും കായികവും നടനവും താളവും ചടുലതയും ക്ഷമയും ഒരുമയും എല്ലാം ഒത്തുചേര്‍ന്ന ഒരു സമ്പൂര്‍ണ്ണ കലയായ പൂരക്കളിക്കും കേരളത്തിനകത്തും പുറത്തും നല്ല അംഗീകാരവും പ്രചരണവുമാണ് ലഭിച്ചു വരുന്നത്. സര്‍ക്കാരിന്റെ വിവിധ മത്സര പരിപാടികളിലും സ്‌കൂള്‍, സര്‍വ്വകലാശാല കലോത്സവങ്ങളിലും മറ്റും പൂരക്കളി മത്സര വിഷയം ആയതു കൊണ്ടുതന്നെ ഇന്ന് കേരളത്തിന്റെ എല്ലാ ജില്ലകളിലും പൂരക്കളി സംഘങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അനുഷ്ഠാന കലാരൂപത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കൂട്ടായ്മ രൂപപ്പെടണം. പുതിയ തലമുറയെ പൂരക്കളിയിലേക്ക് ആകര്‍ഷിക്കാന്‍ ജനകീയ ഇടപെടല്‍ ആവശ്യമാണ്. 25 ന് ഉച്ചക്ക് രണ്ടുമണിക്ക് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ മറത്തുകളില്‍ അവതരണവും പൂരക്കളി പ്രദര്‍ശനവും നടക്കും. രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി ഐ മധുസൂദനന്‍ എംഎല്‍എ, പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നാരായണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. സെറീന സലാം തുടങ്ങിയവര്‍ സംബന്ധിക്കും. 26 ന് രാവിലെ 9 മണി മുതല്‍ ശ്രീ പൂമാല ഓഡിറ്റോറിയത്തില്‍ ശില്പശാല നടക്കും. പി. പി മാധവന്‍ പണിക്കര്‍, കുട്ടമത്ത് പൂമാല ക്ഷേത്രകോയ്മ ആചാര സ്ഥാനികര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കുന്നതോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എം വി തമ്പാന്‍ പണിക്കരുടെ അധ്യക്ഷതയില്‍ പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി സി.എച്ച്.സുരേന്ദ്രന്‍ നമ്പ്യാര്‍, ഡോ. എം. വി വിഷ്ണു നമ്പൂതിരി, ഡോ. സി.കെ. നാരായണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും പരിപാടിയുടെ സമാപന സമ്മേളനത്തില്‍ വെച്ച് മണ്‍മറഞ്ഞുപോയ പ്രശസ്ത പൂരക്കളിമറത്തുകളി പണിക്കരും സംസ്‌കൃതപണ്ഡിതനുമായ വി.പി.ദാമോദരന്‍ പണിക്കരുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂരക്കളി കലാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പണ്ഡിത ശ്രേഷ്ഠ പുരസ്‌കാരം പൂരക്കളി ആചാര്യന്‍ പി. പി മാധവന്‍ പണിക്കര്‍ക്ക് പൂരക്കളി അസോസിയേഷന്‍ ചെയര്‍മാന്‍ ടി.ഐ. മധുസൂദ നന്‍ എം.എല്‍.എ. സമര്‍പ്പിക്കും. ശശിധരന്‍ പണിക്കര്‍ എടാട്ടുമ്മല്‍ പരിചയപ്പെടുത്തും.

ഉച്ചക്ക് 2 മണിക്ക് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും പൂരക്കളി സംഘം ഭാരവാഹികളുടേയും സംഗമം. ശില്പശാല കോഡിനേറ്റര്‍ പി ദാമോദരന്‍ പണിക്കര്‍ അവലോകനം നടത്തും. 150 ഓളം പൂരക്കളി പണിക്കര്‍മാര്‍ ശില്പശാലയില്‍ പങ്കെടുക്കും.3.30 ന് സമാപന സമ്മേളനം ചേരും. വാര്‍ത്താ സമ്മേളനത്തില്‍ പൂരക്കളി കലാ അസോസിയേഷന്‍ ചെയര്‍മാന്‍ ടി. ഐ മധുസൂദനന്‍ എം.എല്‍.എ, ശില്പശാല കോര്‍ഡിനേറ്റര്‍ പി ദാമോദര പണിക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍. കൃഷ്ണന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ഗോപാലകൃഷ്ണ പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ പി വി കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ കൊയ്യന്‍ രാജീവന്‍, എം പ്രസാദ്, കെ ഇ വിനോദ്, വിനോദ് തലക്കാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!