കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിവരികയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും. ട്വന്റി20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാര്‍ട്ടി
ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാര്‍ജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താന്‍ ഇരിക്കവെയാണ് നിര്‍ണായക നീക്കം.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20ക്ക് ഇത്തവണ ക്ഷീണമേറ്റിരുന്നു.നാലു പഞ്ചായത്തില്‍ അധികാരത്തിലുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ അംഗങ്ങള്‍ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടു.
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ മാത്രമാണ് ഭരണം നിലനിര്‍ത്താനായത്. ഐക്കരനാട് പഞ്ചായത്തില്‍ പതിനാറു സീറ്റില്‍ മുഴുവന്‍സീറ്റും സ്വന്തമാക്കാനായി. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണമാണ് നഷ്ടമായത്. തിരുവാണിയൂര്‍, പൂതൃക്ക പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി.
ഭരണം നടത്തിയിരുന്ന വടവുകോട് ബ്ലോക്കില്‍ ഇത്തവണ അഞ്ചുസീറ്റ് മാത്രമാണ് ലഭിച്ചത്. മഴുവന്നൂരില്‍ ആറും പൂതൃക്കയില്‍ ഏഴും വെങ്ങോലയില്‍ ആറും തിരുവാണിയൂരില്‍ ഒന്‍പതും പുത്തന്‍കുരിശില്‍ രണ്ടും തൃക്കാക്കര നഗരസഭയില്‍ ഒരു ഡിവിഷനും ജയിക്കാനായി. ജില്ലാപഞ്ചായത്തില്‍ കോലഞ്ചേരി, വെങ്ങോല ഡിവിഷനുകള്‍ നഷ്ടമായി. എറണാകുളത്തിനു പുറത്ത് തൊടുപുഴയില്‍ മണക്കാട് പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകളിലും ജയിക്കാനായി.
