നീലേശ്വരം: കേരളത്തിലെ അരക്കോടിയോളം വരുന്ന തീയ്യ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീയ്യ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് രവികുളങ്ങരയുടെ നേതൃത്വത്തില്‍ ജനുവരി 25 മുതല്‍ 28 വരെ മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ അവകാശ പ്രഖ്യാപന യാത്ര സംഘടിപ്പിക്കും. തീയ്യ സമുദായത്തിന് അനുവദിച്ച ഏഴ് ശതമാനം സംവരണ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക സമുദായത്തെ സ്വതന്ത്ര ജാതിയായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുക, സമുദായത്തിന്റെ സമ്പുഷ്ടമായ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ഗൂഢ ശ്രമങ്ങളും ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് യാത്ര . ജനുവരി 25ന് രാവിലെ 9 മണിക്ക് കുമ്പള സദ്ഗുരു നിത്യാനന്ദ സ്വാമിജി മഠത്തില്‍ തീയ്യ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗണേഷ് പാവൂര്‍ യാത്രാ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് , പയ്യന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം 28ന് വൈകിട്ട് 5 മണിക്ക് തൃക്കരിപ്പൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗത്തോടുകൂടി യാത്ര സമാപിക്കും . സംഘടിത ശക്തിയല്ല എന്ന തിരിച്ചറിവിനെ തുടര്‍ന്ന് അവഗണനകളും അടിച്ചമര്‍ത്തലുകളും നേരിടുന്നതിന് പരിഹാരം കണ്ടെത്താന്‍ സഭയുടെ നേതൃത്വത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിവിധ സമുദായ സംഘടനകളെ ഒരുമിച്ച് ഐക്യതീയ്യ സമുദായ സംഘടന എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടനയെന്ന് നേതാക്കളായ രവികുളങ്ങര നാരായണന്‍ മയ്യല്‍, സതീശന്‍ ഭൂവത്തൊട്ടി,കെപിപി കുഞ്ഞിക്കോരന്‍ , കെ വി രാജന്‍, ഗണേഷ് പാവൂര്‍, നാഗേഷ് കുമ്പള, രാഘവ പണിക്കര്‍ എ അനില്‍ തീയ്യ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
