മാവുങ്കാല്‍: പുതിയ കണ്ടം അടിയാര്‍കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയാട്ടം നടക്കുന്നത്. അന്യാധീനപ്പെട്ട കാവ് 2012ലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കാവ് വീണ്ടെടുത്തത്.13 തറകളിലായി 20 ഓളം തെയ്യക്കോലങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാന്‍ എത്തുക.
24 ന് രാവിലെ 11 ന്
പുതിയകണ്ടം, കിഴക്കെ വെള്ളിക്കോത്ത് പ്രാദേശിക സമിതിയുടെയും
അതിയാമ്പൂര്‍ പ്രദേശിക സമിതിയുടെയും
കലവറ ഘോഷയാത്രകള്‍ പുതിയകണ്ടം മൊട്ടമ്മല്‍ തറവാട്ടില്‍ സംഗമിച്ച് മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ
അടിയാര്‍ക്കാവില്‍ എത്തിച്ചേരും.
വിശ്വശില്പി കാനായി കുഞ്ഞിരാമന്‍ മുത്തുക്കുട കൈമാറി ഘോഷയാത്രയ്ക്ക് സമാരംഭം കുറിക്കും.
ഉച്ചയ്ക്ക് 12.15 ന് കാവ് ഓഡിറ്റോറിയത്തില്‍ വെച്ച് ‘അടിയാര്‍കാവ് ഈശ്വരന്റെ പൂന്തോട്ടം’
സ്മരണിക
പ്രകാശനം കാനായി കുഞ്ഞിരാമനും പത്‌നി നളിനി കാനായിയും ചേര്‍ന്ന് നിര്‍വ്വഹിക്കും.തറവാട്ട് കാരണവര്‍ ചന്ദ്രബാബു മേലടുക്കം സ്മരണിക ഏറ്റു വാങ്ങും. കളിയാട്ട സമിതി ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍ അധ്യക്ഷതവഹിക്കും. സ്മരണിക എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തും. തുടര്‍ന്ന് സംസ്ഥാന തല സാഹിത്യ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. കവിതാമത്സരത്തില്‍ നീലേശ്വരം സ്വദേശി ജയകൃഷ്ണന്‍ മാടമന,പയ്യന്നൂരിലെ പ്രസാദ് കണ്ടോന്താര്‍ എന്നിവര്‍ക്കാണ് ഒന്നും രണ്ടും സ്ഥാനം. ലേഖന മത്സരത്തില്‍ കാസര്‍കോട്ടെ രാജന്‍ മുനിയൂര്‍ ഒന്നാം സ്ഥാനവും കോഴിക്കോട്ടെ കെ ടി. പ്രവീണ്‍ രണ്ടാം സ്ഥാനവും നേടി. ജലച്ചായ മത്സരത്തില്‍ കോഴിക്കോട്ടെ കെ.എസ് തീര്‍ത്ഥ ചിത്ര പ്രതിഭ പുരസ്‌കാരവും പ്രത്യേക ജൂറി പുരസ്‌കാരം കണ്ണൂരിലെ ശ്വേത ഹരിദാസിനും കാനായി കുഞ്ഞിരാമന്‍ സമ്മാനിക്കും. തുടര്‍ന്ന് അന്ന പ്രസാദ വിതരണം.
വൈകീട്ട് 6ന് ദീപാരാധനയോടെ തെയ്യം കൂടല്‍ ചടങ്ങ്. കരിഞ്ചാമുണ്ഡിയമ്മയുടെ കൊടിയില പിടിക്കല്‍, തൊണ്ടച്ചന്‍ തെയ്യം, കാപ്പാളത്തിയമ്മ, കോട്ടപ്പാറ കുഞ്ഞിക്കോരച്ചന്‍ തെയ്യം, കുപ്പെ പഞ്ചുരുളി, അണ്ണപ്പ പഞ്ചുരുളി, പുലിച്ചാമുണ്ഡി, കല്ലൂര്‍ട്ടി തെയ്യങ്ങളുടെ തുടങ്ങലും മേലേരിക്ക് അഗ്‌നിപകരലും നടക്കും. 25 ന് പുലര്‍ച്ചെ രണ്ടു മണിയോടെ പുലിച്ചാമുണ്ഡി തെയ്യത്തിന്റെ അഗ്‌നി പ്രവേശം, 4 ന് കരിഞ്ചാമുണ്ഡിയമ്മയുടെ പുറപ്പാട്, കുറത്തിയമ്മ, പേത്താളന്‍,പരതാളി, തൂവക്കാളി, കാട്ടുമടന്ത, മന്ത്രഗുളികന്‍ തെയ്യങ്ങളുടെ പ്രവേശം. വൈകിട്ട് 6ന് ദീപാരാധനയ്ക്ക് ശേഷം വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, പന്നിക്കൂര്‍ ചാമുണ്ഡി, പൊട്ടന്‍ തെയ്യം കൊടിയില പിടിക്കല്‍ ,രാത്രി 9 ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, മന്ത്രമൂര്‍ത്തി തെയ്യങ്ങള്‍. 26 ന് പുലര്‍ച്ചെ രണ്ടു മണിക്ക് പൊട്ടന്‍ തെയ്യം. രാവിലെ രക്തചാമുണ്ഡി, പന്നിക്കൂര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍. വൈകീട്ട് 6ന് വിളക്കിലരിയോടെ കളിയാട്ട സമാപനം. വാര്‍ത്ത സമ്മേളനത്തില്‍ കളിയാട്ട സമിതി ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍ ,വര്‍ക്കിംഗ് ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍, ജനറല്‍ കണ്‍വീനര്‍ രമേശന്‍ പുതിയകണ്ടം, അടിയാര്‍ കാവ് തറവാട്ടംഗങ്ങളായ ഭാസ്‌കരന്‍ കല്യാണ്‍ റോഡ് ,അനില്‍ കുമാര്‍ കല്യാണ്‍ റോഡ്,സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, മുരളി കല്യാണ്‍ റോഡ്, രക്ഷധികാരികളായ കെ വി ചന്തു കാവുങ്കാല്‍, നാരായണന്‍ കൊള്ളിക്കാട്, രാമചന്ദ്രന്‍ പാതിരിക്കുന്ന്, അന്നദാന സമിതി ചെയര്‍മാന്‍ ഭരതന്‍ കണ്ടത്തില്‍, മാരാമത്ത് സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ പെരളം , സാമ്പത്തിക സമിതി ചെയര്‍മാന്‍ മോഹന്‍ദാസ് കാവുങ്കല്‍
എന്നിവര്‍ പങ്കെടുത്തു
