ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച ഷിംജിത പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി കസ്റ്റഡിയില്‍. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ(41) ആത്മഹത്യയിലാണ്
ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവില്‍പോയിരുന്നു. ഇവര്‍ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍
ശ്രമിച്ചതായും വിവരം പുറത്തുവന്നു. തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെ
പേരില്‍ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ
അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. യുവതി മനഃപൂര്‍വം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു.

error: Content is protected !!