നീലേശ്വരം: പതിറ്റാണ്ടുകളായുള്ള നീലേശ്വരത്തിന്റെ താലൂക്ക് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭ കൗണ്‍സില്‍ പ്രത്യേക യോഗം ചേരുന്നു. നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനായി ജനുവരി 20ന് രാവിലെ 10.30ന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ പ്രത്യേക യോഗം വിളിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.
അവഗണിക്കപ്പെട്ടത് മൂന്ന് കമ്മീഷന് ശുപാര്‍ശകള്‍
സംസ്ഥാന രൂപീകരണത്തിന് പിന്നാലെ 1957ലെ ഒന്നാം ഇ.എം.എസ് സര്‍ക്കാരിന്റെ കാലം മുതല്ക്കേ നീലേശ്വരം താലൂക്കിനായുള്ള ആവശ്യം ശക്തമാണ്. ഭരണസൗകര്യത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് കമ്മീഷനുകളും നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. ചന്ദ്രഭാനു കമ്മീഷന്, സി.എച്ച്. ദാമോദരന്‍ നമ്പ്യാര്‍ കമ്മീഷന്, വെള്ളോടി കമ്മീഷന് എന്നിവര്‍ നീലേശ്വരത്തിന്റെ അര്‍ഹത ശരിവെച്ചിരുന്നു. എന്നാല്‍ ദശകങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയഭരണപരമായ കാരണങ്ങളാല്‍ ഈ ശുപാര്‍ശകള്‍ ഫയലിലുറങ്ങുകയാണ്.
ജനങ്ങളുടെ ദുരിതം
നിലവില്‍ ഹോസ്ദുര്‍ഗ് താലൂക്കിനെയാണ് നീലേശ്വരത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ ആശ്രയിക്കുന്നത്. കിലോമീറ്ററുകള്‍ താണ്ടി താലൂക്ക് ആസ്ഥാനത്തെത്തേണ്ടി വരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പുതിയ താലൂക്ക് അനിവാര്യമാണെന്ന് കമ്മീഷനുകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നീലേശ്വരം നഗരസഭയും സമീപത്തെ എട്ട് പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ താലൂക്ക് വേണമെന്നാണ് കാലങ്ങളായുള്ള ആവശ്യം.
നഗരസഭ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യ പി.എം. ആണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുന്നത്. ഇ.കെ. ചന്ദ്രന് പ്രമേയത്തെ പിന്തുണയ്ക്കും. കൗണ്‍സിലില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ പ്രമേയം ഐകകണ്ഠേന പാസാക്കി സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്താനാണ് നഗരസഭയുടെ നീക്കം.
പുതിയ താലൂക്ക് നിലവില്‍ വരുന്നതോടെ റവന്യൂ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാകും. നീലേശ്വരത്തിന്റെ പൈതൃക നഗരമെന്ന പദവിക്കൊപ്പം ഭരണപരമായ ഉന്നതിയും പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ കരുത്താകുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. നിര്‍ണ്ണായകമായ കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് നഗരസഭ അറിയിച്ചു.
