നീലേശ്വരം: കനല്‍ കാസര്‍കോട് സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടനും എഴുത്തുകാരനുമായ സി.അമ്പുരാജിന്റെ ‘നരിത്തലയുള്ള നാലണ’ പുസ്തകം മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് നീലേശ്വരം കോണ്‍വെന്റ് ജങ്ഷനിലെ റോട്ടറി ഹാളില്‍ നടന്ന പ്രകാശന പരിപാടി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മുന്‍ എം പി പി. കരുണാകരന്‍ മുഖ്യാതിഥിയായി. എഴുത്തുകാരനും പ്രമുഖ തിരക്കഥാകൃത്തുമായ പി.വി ഷാജി കുമാര്‍ പ്രകാശനം ചെയ്തു. പി. കരുണാകരന്‍ ഏറ്റുവാങ്ങി. കനല്‍ കാസര്‍കോട് പ്രസിഡന്റ് ടി. വി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കനല്‍ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതം പറഞ്ഞു.
എം. കെ ഗോപകുമാര്‍ പുസ്തക പരിചയം നടത്തി. ഡോ. കെ. വി സജീവന്‍, സുജിത് കയ്യൂര്‍, കെ. പി നാരായണന്‍, റോട്ടറി പ്രസിഡന്റ് സി. രാജീവന്‍, ജയരാജ് തുരുത്തി, പാട്ടത്തില്‍ രാമചന്ദ്രന്‍, പി.വി ചന്ദ്രന്‍, മൃദുല ബായി മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.അമ്പുരാജ് മറുമൊഴി നടത്തി. പെണ്‍കനല്‍ കൂട്ടായ്മ അരങ്ങില്‍ എത്തിച്ച ‘പുതിയ കാലത്തിന്റെ പടയൊരുക്കം’ നൃത്തസംഗീത ശില്പത്തോടെയാണ് പരിപാടി തുടങ്ങിയത്.
