കാഞ്ഞങ്ങാട്: ജനുവരി 6 മുതല്‍ 12 വരെ ഉറൂസ് നടക്കുന്ന മാണിക്കോത്ത് ജുമാ മസ്ജിദില്‍ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്ര ട്രസ്റ്റി ഭാരവാഹികളും, ആഘോഷ കമ്മിറ്റി ഭാരവാഹികളും, വികസന സമിതി അംഗങ്ങളും കാഴ്ച ദ്രവ്യങ്ങളുമായി സൗഹൃദ സന്ദര്‍ശനം നടത്തി. പള്ളിയില്‍ എത്തിച്ചേര്‍ന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ മാണിക്കോത്ത് ജുമാ മസ്ജിദ് ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ കാഴ്ച ദ്രവ്യങ്ങള്‍ പള്ളിയില്‍ സമര്‍പ്പിച്ചു. മധുര പാനീയ സല്ക്കാരാനന്തരം നടന്ന സൗഹൃദ സംഭാഷണ യോഗത്തില്‍ മടിയന്‍ കൂലോം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വി. എം ജയദേവന്, മാണിക്കോത്ത് ജുമാ മസ്ജിദ് ചെയര്മാന് മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, ഖത്തീബ് മുഹിയുദ്ദീ ന് അസ്ഹരി, മടിയന്‍ കൂലോം എക്സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ മാരായ വി.നാരായണന്, ബേബി രാജ് വെള്ളിക്കോത്ത്, വികസന സമിതി പ്രസിഡന്റ് ഭാസ്കരന് കുതിരുമ്മല്‍, സെക്രട്ടറി തോക്കാ നം ഗോപാലന്, വികസന സമിതി അംഗങ്ങളായ ടി.വി. തമ്പാന്, എം. നാരായണന്, അച്യുതന് മടിയന്‍, കെ.വി. നാരായണന്, വി. നാരായണന്, എ. കൃഷ്ണന്, മാണിക്കോത്ത് ജുമാമസ്ജിദ് ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ പി.അഷ്റഫ്, ഷുക്കൂര്‍ ഹാജി, മജീദ് ലീഗ്.എന്‍. വി. നാസര്‍ എന്നിവര്‍ സംസാരിച്ചു. മടിയന്‍ കൂലോം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പാട്ട് ഉത്സവം ജനുവരി 11 മുതല്‍ 15 വരെ നടക്കും. പാട്ടുത്സവ ചടങ്ങുകളിലേക്കും മറ്റ് അനുബന്ധ പരിപാടികളിലേക്കും മാണിക്കോത്ത് ജുമാ മസ്ജിദിലെ ഭാരവാഹികളെയും അംഗങ്ങളെയും ക്ഷണിച്ചുകൊണ്ടാണ് അമ്പല കമ്മിറ്റി ഭാരവാഹികള്‍ മസ്ജിദില്‍ നിന്നും പടിയിറങ്ങിയത്.
