അക്ഷരം ആരോഗ്യം സ്‌കൂള്‍ ആരോഗ്യ പദ്ധതി ആരംഭിച്ചു

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അക്ഷരം ആരോഗ്യം – സ്‌കൂള്‍ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി കാസര്‍കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എ വി രാംദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷാന്റി കെ. കെ അധ്യക്ഷത വഹിച്ചു.
ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും, ദേശീയ ആരോഗ്യ ദൗത്യം ജെ സി കമല്‍ കെ ജോസ് നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ആരോഗ്യം, പൊതു വിദ്യാഭ്യാസം, ആയുഷ്, ഹോമിയോ പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

കൗമാര ശാരീരിക മാനസിക ആരോഗ്യം, പോഷണം, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഡെപ്യൂട്ടി ഡി എം ഓ ഡോ. അജയ് രാജന്‍, ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ്. പ്രൊഫസര്‍ ഡോ ലക്ഷ്മി രാജീവ് ടി, ഇ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ആല്‍ബിന്‍ എല്‍ദോസ്,ഡയറ്റ് ലാക്ചറര്‍ ഡോ വിനോദ് കുമാര്‍ എം, പൂടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ ക്ലാസ്സെടുത്തു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ആരോഗ്യ ബ്ലോക്കുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിക്കും, തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ക്കും പദ്ധതിയെ ക്കുറിച്ച് ക്ലാസുകള്‍ നല്‍കും

ജില്ലയിലെ 1-4 വരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും, കൃത്യമായ ഇടവേളകളില്‍ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടികളുടെ പൊതു ആരോഗ്യം, കാഴ്ച -കേള്‍വി വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ പരിശോധിക്കും.വിദഗ്ധ പരിശോധന ആവശ്യമുള്ള കുട്ടികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റെഫര്‍ ചെയ്യും. രക്തഗ്രൂപ്പ്,വാക്‌സിനേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ പൊതു വിവരങ്ങളും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തും.
കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്കായി ശാരീരിക മാനസിക ആരോഗ്യം, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി വിരുദ്ധ ബോധല്‍വക്കരണ ക്ലാസുകള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ.രാംദാസ് എ. വി അറിയിച്ചു.

 

error: Content is protected !!