മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . മുസ്ലിംലീഗിന്റെ മധ്യകേരളത്തിലെ സമുന്നതനായ നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. 1952-ല്‍ യു.വി. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി ആലുവ കൊങ്ങോരപ്പള്ളിയിലാണ് ജനനം. എംഎസ്എഫിലൂടെയും മുസ്ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയപ്രവേശം. 2001-ല്‍ മട്ടാഞ്ചേരി നിയോജകമണ്ഡലത്തില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006-ല്‍ വീണ്ടും മട്ടാഞ്ചേരിയില്‍നിന്ന് എംഎല്‍എയായി. 2011-ലും 2016-ലും കളമശ്ശേരിയില്‍നിന്നും നിയമസഭയിലെത്തി.

2005-ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. ഇക്കാലയളവില്‍ നടന്ന പാലാരിവട്ടം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്പിന്നീട് അദ്ദേഹത്തിനെതിരേ അഴിമതിക്കേസ് ഉണ്ടായി. പാലാരിവട്ടം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞും പ്രതിയായി.

മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലക്കാമുഗള്‍ ജുമാ മസ്ജിദില്‍ എത്തിക്കും. ഇതിനുശേഷം
സൗത്ത് കളമശ്ശേരി ഞാലകംകണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനമുണ്ടാകും. രാത്രി ഒന്‍പതുമണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ ഖബറടക്കം ബുധനാഴ്ച രാവിലെ പത്തുമണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നദീറയാണ് ഭാര്യ. അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍, അബ്ബാസ്, അനൂബ് എന്നിവര്‍ മക്കളാണ്. മകനായ വി.ഇ. അബ്ദുള്‍ ഗഫൂര്‍ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

error: Content is protected !!