അഭിയമോഹങ്ങളൊക്കെ കഴിഞ്ഞു, ഇനി ഒരു സിനിമ സംവിധാനം ചെയ്യണം- മോഹം പൂര്‍ത്തീകരിക്കാതെ കണ്ണന്‍ പട്ടാമ്പി യാത്രയായി

പ്രഭാകരന്‍ കാഞ്ഞങ്ങാട്

ഹൊസ്ദുര്‍ഗ്ഗ്: ജന്മം കൊണ്ട് പട്ടാമ്പിക്കാരനാണെങ്കിലും കാഞ്ഞങ്ങാടിന് മരുമകനായിരുന്നു നടനും പൊഡക്ഷന്‍ കണ്‍ടോളറും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമായിരുന്ന കണ്ണന്‍ പട്ടാമ്പി. പ്രശസ്ത സംവിധായകനും നടനുമായ മേജര്‍ രവിയുടെ ഏക സഹോദരനാണ്. തുച്ഛമായ പ്രതിഫലത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് കണ്ണന്‍ സിനിമയിലെത്തിയത്. 1987 മുതല്‍ മദ്രാസിലായിരുന്നു. ഓരോ സംവിധായകരുടെ വീടുകളില്‍ കയറിയിറങ്ങി സേവ ചെയ്ത് സേവചെയ്താണ് താന്‍ സിനിമയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയോട് കടുത്ത പ്രണയമോ പ്രേമമോ ഉണ്ടായ ഒരാള്‍. ഇപ്പോള്‍ അറുപത്തിയൊന്നു വയസ്സായി മരിക്കുന്നതുവരെ സിനിമയെ സ്നേഹിക്കും. വരുമാനം മാത്രമല്ല സിനിമയില്‍ നിന്ന് ഉദ്ദേശിച്ചത്. എന്നും എന്തോ ഒരു സ്നേഹമായിരുന്നു. എത്ര വിഷമിപ്പിക്കുന്ന കാര്യമുണ്ടായാലും മൈന്‍ഡ് ചെയ്യാറില്ല. ന്യൂ ജനറേഷന്‍ ചെറുപ്പക്കര്‍ സംവിധായകരായി വന്നപ്പോഴും അവരൊടൊക്കെ വേഷങ്ങള്‍ ചോദിക്കുമായിരുന്നു. മലയാളത്തിലെ വലിയ മികച്ച നടന്‍മാരുടെ കൂടെയെല്ലാം അഭിനയിച്ചു. നാടകങ്ങളും നാടക കളരികളുമാണ് കണ്ണനെ അഭിനയത്തോട് ചേര്‍ത്തു നിര്‍ത്തിയത്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്നെ കാത്തിരിക്കുന്ന വേഷം എന്നെ തേടിവരും . നല്ലൊരു വേഷം തന്ന് മലയാള സിനിമ തന്നെ അംഗീകരിക്കും എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. ആ വിശ്വാസത്തിലാണ് താന്‍ ഉണരുന്നതും രാത്രി ഉറങ്ങാന്‍ കിടക്കുന്നതും എന്നും എനിക്കുള്ള വേഷം മലയാള സിനിമയിലുണ്ട് എനിക്കത് വരും തീര്‍ച്ചയായിട്ടും, എന്നിട്ട് നമുക്ക് കാണാം എന്നും കൂടെ കൂടെ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ കൊണ്ടിരുന്നു. കലാമൂല്യമുള്ള കുടുംബത്തിന് പറ്റിയ സിനിമ. കുറേക്കാലം ഓര്‍ക്കാനും ഓര്‍ത്തിരിക്കാനും പറ്റിയ വിഷയമാവും തന്റെ സിനിമ. ആയുസ്സ് തന്നാല്‍ സിനിമ ചെയ്യും. സിനിമ പൂര്‍ണമായാല്‍ മാത്രമേ അത് സിനിമയാവും പകുതി വഴിക്ക് നിര്‍ത്തിയാല്‍ അത് സിനിമയാവൂല്ല. പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ ഒരു കൊച്ചു സിനിമ. എന്നും ആളുകള്‍ കാണുമ്പോള്‍ നമ്മുടെ കണ്ണന്റെ പടം എന്ന് പറയുന്ന ഒരു പടം. ആര്‍ക്കും മനസ്സില്‍ സൂക്ഷിക്കാവുന്ന ചെറിയ ഒരു വികാരം അതാവും എന്റെ സിനിമ. കണ്ണന്‍ പട്ടാമ്പി ഹൃദയത്തില്‍ കൊണ്ടു നടന്ന ചെറിയ എങ്കിലും വലിയ സ്വപ്നമായിരുന്നു അത്. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ പ്രശസ്ത തെയ്യം കലാകാരന്‍ പരേതനായ മടിക്കൈ പെരുമലയന്‍ കൃഷ്ണന്‍ പണിക്കരുടെയും ഓമനയുടെയും മകള്‍ രമ്യയാണ് കണ്ണന്റെ പത്നി. ഏക മകള്‍ കുഞ്ഞാറ്റ എന്ന സത്യഭാമ.

 

error: Content is protected !!