അബുദാബി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി, പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ്
ഹെല്‍ത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ കുറ്റിയടിക്കല്‍ ജനുവരി 16-ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടന്‍വിളയില്‍ നടക്കും. ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ്, ചിറയിന്‍കീഴ് എം എല്‍ എ, വി ശശി, അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി കൃഷണ, വാര്‍ഡ് മെമ്പര്‍ നെസിയ സുധീര്‍, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാശിദ് പൂമാടം തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. ഗള്‍ഫില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസജീവിതം നയിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാത്ത പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സമഗ്രമായ സാമൂഹ്യ-സാമ്പത്തിക പരിശോധനകള്‍ക്ക് ശേഷം, ഉമ്മുല്‍ ഖുവൈനില്‍ ജോലി ചെയ്യുന്ന പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംശുദീനെയാണ് ആദ്യ വീടിനായി തിരഞ്ഞെടുത്തത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന്
ഇന്ത്യന്‍ മീഡിയ ഭാരവാഹികള്‍ അറിയിച്ചു. വര്‍ഷങ്ങളോളം പ്രവാസലോകത്ത് അധ്വാനിച്ചിട്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
