കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ പ്രമുഖ തറവാടുകളിലൊന്നായ പള്ളിവളപ്പില്‍ മുഹമ്മദ്ഹാജിയുടെ കുടുംബാംഗങ്ങള്‍ ഒന്നിക്കുന്ന മെഗാ കുടുംബ സംഗമം ജനുവരി 4 ന് കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
പള്ളിവളപ്പില്‍ മുഹമ്മദ്ഹാജിയുടെ മക്കളുടെ വഴിയുള്ള നാലു തലമുറകള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുമായി സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബാംഗങ്ങളില്‍ നിന്ന് ഏകദേശം 3,000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണ് പള്ളിവളപ്പില്‍ മുഹമ്മദ്ഹാജിയുടെ കുടുംബാംഗങ്ങള്‍ ഇങ്ങനെ ഒരുമിച്ച് സംഗമിക്കുന്നത് പരസ്പരം അറിയാനും പരിചയപ്പെടാനും, ബന്ധങ്ങള്‍ പുതുക്കാനും. കുടുംബ ഐക്യം ശക്തിപ്പെടുത്താനും ഈ സംഗമം സഹായകരമാകും. രാവിലെ 9 മണിക്ക് പരിപാടിക്ക് തുടക്കം കുറിക്കും. അംഗങ്ങളുടെ രജിസ്‌ട്രേഷനുശേഷം 10 മണിക്ക് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. 11 മണിക്ക് കുടുംബാംഗങ്ങളുടെ പരിചയപ്പെടുത്തല്‍ നടക്കും. 11.30 ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. 12:15 ന് ‘ഹൃദയം തേടുന്ന ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ പ്രമുഖ മോട്ടിവേറ്റര്‍ ലുഖാന്‍ അരീക്കോട് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1.30 മുതല്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ നടക്കും. വൈകീട്ട് 4 ന് പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ ഇസ്മായില്‍ തളങ്കരയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നൈറ്റ് പരിപാടിയോടെ സംഗമം സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ കെ ജാഫര്‍,കണ്‍വീനര്‍ അഷ്റഫ് പറമ്പത്ത് , ട്രഷറര്‍ ഹക്കീം മീനപ്പീസ്,
രക്ഷധികാരികളായ സി മുഹമ്മദ് കുഞ്ഞി, ഹാഷിം ആറങ്ങാടി, സലീം ഇട്ടമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
