കരിന്തളം:പ്രായത്തിന്റെ അവശതകള്‍ മറന്ന് യുവത്വത്തിന്റെ പ്രസരിപ്പോടെ ആര്‍ത്തുല്ലസിക്കാന്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു.കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 12-ാം വാര്‍ഡ് പെരിയങ്ങാനത്തെ കുറുഞ്ചേരി വയോജനക്കൂട്ടത്തിലെ മുത്തശ്ശന്മാരും മുത്തശ്ശിന്മാരുമാണ് തങ്ങളുടെ പഴയകാല ഓര്‍മ്മകളെ അയവിറക്കി കൊണ്ട് പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓര്‍മിപ്പിച്ച് വീണ്ടും ഒത്തുചേരാന്‍ തീരുമാനിച്ചത്.അതിന്റെ ഭാഗമായി വയോജനങ്ങള്‍ ഒന്നിച്ച് കോട്ടപ്പുറം ഹൗസ് ബോട്ട് യാത്ര നടത്തി. പ്രായമായാല്‍ വീട്ടില്‍ അടങ്ങിയിരിക്കണമെന്നാണ് പണ്ട് കാലത്ത് പറയാറ്. എന്നാല്‍ അതെല്ലാം തട്ടിമാറ്റി 50 വയസ്സ് മുതല്‍ 93 വയസ്സ് വരെയുള്ള വരുടെ ഉല്ലാസയാത്രയാണ് വയോജനക്കൂട്ടം സംഘടിപ്പിച്ചത്. കൂട്ടത്തില്‍ കുട്ടികള്‍ കൂടിയപ്പോള്‍ യാത്ര അതിമധുരമുള്ളതായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ,വേദനകളും പ്രയാസങ്ങളും മാറ്റി നിര്‍ത്തി അവര്‍ എല്ലാവരും ഒന്നിച്ച് കൂടുകയായിരുന്നു. ഡാന്‍സും ,പാട്ടുകളും കഥകളും കസേരകളിയും തൊപ്പി കളിയും ഇങ്ങനെ ഓരോന്നിലും കൊച്ചുകുട്ടികള്‍ എന്നപോലെ പങ്കെടുക്കുകയുണ്ടായി. ആദ്യമായി ബോട്ടില്‍ കയറിയവരും വീട്ടില്‍ നിന്നും ആദ്യമായി പുറത്തേക്ക് യാത്ര ചെയ്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് വൈകിട്ടോടെ എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതമായി എത്തുകയും ചെയ്തു. അടുത്ത യാത്രയെ കുറിച്ചുമായിരുന്നു തിരിച്ചുവരവില്‍ എവരുടെയും സംസാരം.അടുത്ത തവണ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്ര സംഘടിപ്പിക്കണ മെന്ന് ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ചെയര്‍മാന്‍ ജോര്‍ജ്ജ് കുട്ടി , കണ്‍വീനര്‍ ജോസ് ലിന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.
