ദീപവും തിരിയും എത്തി: കുന്നുമ്മല്‍ കളിയാട്ടത്തിന് തിരി തെളിഞ്ഞു; ഡിസംബര്‍ 11 മുതല്‍ 16 വരെയാണ് കളിയാട്ടം

കാഞ്ഞങ്ങാട്:-ലക്ഷ്മി നരസിംഹമൂര്‍ത്തിയുടെ നിത്യ ആരാധനയും വിഷ്ണുമൂര്‍ത്തിയുടെയും പരിവാര ദൈവങ്ങളുടെയും കെട്ടിയാടിക്കലും ഉള്ള ഉത്തര കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ കലാസാംസ്‌കാരിക പരിപാടികളോടുകൂടി ഡിസംബര്‍ 11 മുതല്‍ 16 വരെ 5 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവത്തിന് ദീപവും തിരിയും എഴുന്നള്ളത്തോടുകൂടി തുടക്കമായി. കഴിഞ്ഞ ദിവസം രാത്രി കോട്ടച്ചേരി ചേരക്കര തറവാട് നിന്നും വാദ്യമേളത്തിന്റെയും , ഭക്തി ആര്‍പ്പുവിളികളുടെയും, അകമ്പടിയില്‍ ദീപവും തിരിയും,കുന്നുമ്മല്‍ ദുര്‍ഗാ പരമേശ്വരി മഠത്തില്‍ നിന്നും അരിയും പൂവും കൊണ്ടുവന്നാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് എല്ലാദിവസവും രാത്രി വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റവും പകല്‍ രാവിലെ ചാമുണ്ഡി, ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തി, വൈകിട്ട് ഗുളികന്‍ എന്നീ തെയ്യങ്ങള്‍ ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. തുലാഭാരം അനുബന്ധ പ്രാര്‍ത്ഥനകള്‍ എന്നിവ എല്ലാദിവസവും ഉണ്ടാകും. എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ കലാസാംസ്‌കാരിക പരിപാടികളും ഉണ്ടാകും. ആദ്യദിവസം കോട്ടച്ചേരി പട്ടരെ കന്നി രാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നുള്ള തെയ്യം വരവ്,ക്ഷേത്രം പ്രവാസി കൂട്ടായ്മയുടെ നിധി സമര്‍പ്പണം ,കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന്‍സ്, ക്ഷേത്രം മാതൃ സമിതി, കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ വനിതവിംഗ് എന്നിവരുടെ തിരുവാതിരയും, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും നടന്നു. നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ആളുകള്‍ ഉത്സവത്തില്‍ പങ്കാളികളായി.

 

error: Content is protected !!