കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊയിനാച്ചി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു. ക്രിസ്തുമസ് അവധിക്കാലമായതിനാല്‍ വലിയ ജനത്തിരക്കാണ് ബേക്കല്‍ ഫെസ്റ്റ് ഏരിയയില്‍ അനുഭവപ്പെടുന്നത്. സംഗീതപരിപാടി വീക്ഷിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കാര്യമായ മുന്‍കരുതലുകള്‍ സംഘാടകരുടെ ഭാഗത്ത് നിന്നോ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ഇടപെടലുണ്ടാകാത്തത് വലിയ വീഴ്ച്ചയാണ്. കഴിഞ്ഞ മാസം നവംബര്‍ 23 ന് കാസര്‍കോട് നഗരത്തില്‍ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ സമാനമായ അപകടം ഉണ്ടായിട്ടും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ലെന്നതിന്റെ തെളിവാണ് ബേക്കലിലെ അപകടമെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
