പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന തല കലോത്സവത്തില്‍ ആവണി ആവൂസിന് ഇരട്ട വിജയം. രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരച്ച കലാമാമാങ്കത്തില്‍ നാടോടി നൃത്തം, നാടന്‍പാട്ട് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തോടൊപ്പം എ ഗ്രേഡും കരസ്ഥമാക്കിയാണ് ഈ ബാലതാരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
വയനാട്ടിലെ കാട്ടുനായ്കര്‍ വിഭാഗത്തിന്റെ പാരമ്പര്യ അനുഷ്ഠാന കലാരൂപമായ ‘ദോട്ടി യാട്ട്’ ആണ് നാടന്‍പാട്ട് മത്സരത്തിനായി ആവണി ആവൂസും സംഘവും തിരഞ്ഞെടുത്തത്. ആദിവാസി ഭാഷയില്‍ ‘ദോട്ടി’ എന്നാല്‍ തുടി എന്നും ‘യാട്ട്’ എന്നാല്‍ നൃത്തം എന്നുമാണ് അര്‍ത്ഥം. മരണാനന്തര ചടങ്ങുകളില്‍ പരേതന്റെ ആത്മാവിന് ശാന്തി നേരാന്‍ അവതരിപ്പിക്കുന്ന ഈ അപൂര്‍വ്വ കലാരൂപം അതിന്റെ തനിമ ചോരാതെ വേദിയില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. നാടന്‍പാട്ടിലെ താളബോധവും നാടോടി നൃത്തത്തിലെ ചുവടുകളും കാണികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. ഇതാദ്യമായല്ല ആവണി കലാവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാര ജേതാവായ ആവണി, ഗോത്രഭാഷാ ചിത്രമായ *’കുറിഞ്ഞി’*യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി ടെലിഫിലിമുകളിലും സിനിമകളിലും തന്റെ അഭിനയ മികവ് ആവണി തെളിയിച്ചിട്ടുണ്ട്. കലാരംഗത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും മില്യണ്‍ കണക്കിന് ഫോളോവേഴ്സുള്ള സജീവ സാന്നിധ്യമാണ് ഈ മിടുക്കി. മയൂര നൃത്ത വിദ്യാലയം കോട്ടപ്പാറയിലാണ് ആവണി ഡാന്‍സ് പഠനം നടത്തുന്നത് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ ആവണി, രാകേഷ് കുമാര്‍ – ശിവാജ്ഞന ദമ്പതികളുടെ മകളാണ്. നെല്ലിത്തറ സരസ്വതി വിദ്യാനികേതനിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആവണിയുടെ വിജയങ്ങളില്‍ സഹോദരന്‍ ശിവകേദാറും കുടുംബവും വലിയ പിന്തുണയാണ് നല്‍കുന്നത്.
