പയ്യന്നൂര്‍ രാമന്തളിയില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍

പയ്യന്നൂര്‍:രാമന്തളിയില്‍ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമന്തളി സെന്‍ട്രലില്‍ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കോയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56) ,മകന്‍ പാചക തൊഴിലാളി കലാധരന്‍ (36) , കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് വീട്ടുനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഉഷയുടെ ഭര്‍ത്താവായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീട്ടിനു മുന്നില്‍ കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടര്‍ന്ന് കത്തുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കള്‍ രണ്ടും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. കുടുംബ പ്രശ്‌നമാണ് മരണത്തിന് കാരണം. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ട് മക്കളെയും അമ്മക്കൊപ്പം പോകാന്‍ കോടതി വിധി ഉണ്ടായിരുന്നു. തുടര്‍ന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ ബന്ധപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും കലാധരന്റെ അച്ഛന്‍ ഉണ്ണികൃഷ്ണനെ പോലീസ് വിളിച്ചതിനെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ വീട്ടില്‍ എത്തുന്നത്. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് അനൂജ് പരിവാളിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക്  മാറ്റി.

 

error: Content is protected !!