കാഞ്ഞങ്ങാട്: കേരള വനം വികസന കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി എന്‍.സി.പി( എസ് ) കാസര്‍കോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര നിയമിതനായി. വനം വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ആയിരുന്ന ലതിക സുഭാഷ് തല്‍സ്ഥാനം രാജിവെച്ചു കൊണ്ട് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ഉണ്ടായ ഒഴിവിലാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന് ഭരണസമിതി പുനഃസംഘടിപ്പിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ആര്.എസ്.പിയുടെ യുവജന സംഘടനയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ കരീം ചന്തേര 19 വര്‍ഷമായി രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് സജീവമാണ്. 2019 ലാണ് എന്‍ സി പി യില്‍ ചേര്‍ന്നത്. ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ കൂടെ ഉറച്ചുനിന്ന ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്‍. സി. പി. എസിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ്. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ. യു. പി സ്കൂള്‍ പി. ടി. എ പ്രസിഡന്റുമാണ്. അതിന് മുമ്പ് മൂന്ന് വര്‍ഷം കാസര്‍കോട് ജില്ലാ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ടി. കെ ഷംലയാണ് ഭാര്യ. മുഹമ്മദ് അഫ്ലഹ്, റിസ്വാന, അബൂബക്കര്‍, റിയ ഫാത്തിമ എന്നിവര്‍ മക്കളാണ്.
