കാഞ്ഞങ്ങാട്: ഡിസംബര്‍ 29, 30, 31 തീയതികളിലായി മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന അറുപത്തി നാലാംമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കാനുള്ള സ്വാഗതഗാനം അണിയറയില്‍ ഒരുങ്ങുന്നു. കവി രവീന്ദ്രന് പാടി രചനയും സംഗീതജ്ഞന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതവും നിര്‍വഹിച്ച മൊഗ്രാലെന്നോരിശലിന്റെ ഗ്രാമത്തില്‍ വന്നാലും എന്നു തുടങ്ങുന്ന ഗാനമാണ് 64 പേര് അണിനിരന്ന് ആലപിക്കുന്നത്. കാസര്‍കോട് ജില്ലയുടെ പ്രത്യേകതകളും സാംസ്കാരിക സവിശേഷതകളും ഗാനത്തില്‍ ഇതള്‍ വിരിയുന്നു.
സ്കൂളിലെ സംഗീതാധ്യാപിക സുസ്മിതയടക്കമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗാനാലാപനത്തില്‍ അണിചേരും. മടിക്കൈ ഉണ്ണികൃഷ്ണന് നമ്പൂതിരി താളവിഭാഗം കൈകാര്യം ചെയ്യും. വിഷ്ണുഭട്ട് സംഗീതസംവിധാനം നിര്‍വഹിക്കുന്ന എഴുപത്തിയാറാമത് സ്വാഗതഗാനമാണിത്. 1980 ല്‍ പാലക്കാട് സംഗീത കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് വാര്‍ഷികാഘോഷത്തിന് സഹപാഠികള്‍ക്കൊപ്പം സ്വാഗതഗാനം ആലപിച്ചു കൊണ്ടാണ് ഈ രംഗത്ത് പദമൂന്നിയത്. തുടര്‍ന്ന് നിരവധി കലോത്സവങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സ്വാഗതഗാനം പാടി. കഴിഞ്ഞ വര്‍ഷം നീലേശ്വരത്ത് നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തിന് സ്വാഗതഗാനം പാടിയത് ഭട്ടായിരുന്നു. കവി കുറ്റിക്കോല്‍ ശങ്കരന് എമ്പ്രാന്തിരിയുടേതായിരുന്നു വരികള്‍.
ഏതു പാട്ടിനെയും തന്റെ മനോഹരമായ ശബ്ദം കൊണ്ടും സംഗീതവൈഭവം കൊണ്ടും ശ്രുതിമധുരമായി ആലപിക്കാനുള്ള വിഷ്ണു ഭട്ടിന്റെ കഴിവ് പ്രശംസനീയമാണ്. 1977 ല്‍ കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്ര സന്നിധിയില്‍ സംഗീതക്കച്ചേരി നടത്തി സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം ഇതിനകം വിവിധ സന്ദേശങ്ങള്‍ ഉന്നയിച്ച് നൂറില്‍പ്പരം സംഗീതയാത്രകള്‍ നടത്തി. മലയാളത്തിനു പുറമെ കന്നഡ, തുളു, സംസ്കൃതം, ഹിന്ദി, കൊങ്കിണി, അറബി, തമിഴ് ഭാഷകളിലെ പാട്ടുകള്‍ കൂടി പാടുന്ന വിഷ്ണു ഭട്ട്, ഈ ഭാഷകളിലെ പാട്ടുകള്‍ ചേര്‍ത്ത് നവഭാഷാ സംഗീത പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഗീതാധ്യാപകനായിരിക്കെ ആരംഭിച്ച സംഗീതപ്രസ്ഥാന യാത്ര ഏറെ ശ്രദ്ധ്ര പിടിച്ചു പറ്റിയിരുന്നു. വെള്ളിക്കോത്ത് പി.സ്മാരക സ്കൂളില്‍ 1111 വിദ്യാര്‍ത്ഥികളെ അണിനിരത്തി അവതരിപ്പിച്ച ദേശഭക്തി ഗാനം ചരിത്രമാണ്.
മദ്യം, മയക്കുമരുന്ന്, പുകയില, വര്‍ഗീയത, പരിസ്ഥിതി നാശം തുടങ്ങിയവയ്ക്കെതിരായും സാമൂഹിക സൗഹാര്‍ദം, രാജ്യസ്നേഹം, സൗരോര്‍ജം, ശുചിത്വം, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്കു വേണ്ടിയും അദ്ദേഹം നടത്തിയ സംഗീതയാത്രാപരിപാടികള് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ദേശീയ -സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ്, വിദ്യാപീഠം ഗുരുരത്ന പുരസ്കാരം, ചെന്നൈ ഇന്‍ഡിക്ക ഗുരുശ്രേഷ്ഠ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ഈ ഗായകനെ തേടിയെത്തിയിട്ടുണ്ട്. ദേശസ്നേഹ ഹൃദയാഞ്ജലി, സൗജന്യസംഗീത പരിശീലനം എന്നിവ നടത്തിയിരുന്നു. മഹാകവി പി.യുടെ കവിതകള്‍ മനോഹരമായി ആലപിക്കാറുള്ള വിഷ്ണുഭട്ട് കീബോര്‍ഡ്, ഹാര്‍മോണിയം, തബല, മൃദംഗം, വയലിന് തുടങ്ങിയവയുടെയും വാദകനാണ്. ഭാര്യ: പി. ജ്യോതി. തിരുപ്പതി ഐസറില്‍ ഫിസിക്സ് പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയും ഗായികയുമായ ശ്രീഗൗരി വി. ഭട്ട് ഏക മകളാണ്.
