നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ചനടനും സംവിധായകനും തിരക്കഥാകൃത്തുമായശ്രീനിവാസന്‍ (69) അന്തരിച്ചു.ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

1956 ഏപ്രില്‍ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീനിവാസന്‍ വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴല്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച കാഥികന്‍സാംബശിവനു ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങള്‍ക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്നു അദ്ദേഹം.

മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികള്‍ സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേല്‍പ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളില്‍ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനുമൊപ്പമുള്ള കൂട്ടുകെട്ടുകളുംകൊണ്ടാടപ്പെട്ടു.

പ്രിയദര്‍ശന്‍ സംവിധാനംചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ ആണ് തിരക്കഥാകൃത്തെന്ന നിലയില്‍ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേല്‍പ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടന്‍ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോള്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു.

 

ഏതാണ്ട് പത്തുവര്‍ഷത്തെ ഇടവേളയില്‍ രണ്ടുചിത്രങ്ങളാണ് സംവിധാനംചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. എം. മോഹനന്‍ സംവിധാനംചെയ്ത് ശ്രീനിവാസന്‍ തന്നെ പ്രധാന കഥാപാത്രമായ കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവായി. മകന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനംചെയ്ത തട്ടത്തിന്‍മറയത്ത് എന്ന ചിത്രവും നിര്‍മിച്ചു.

മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്‌കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ഭാര്യ വിമല ശ്രീനിവാസന്‍ ആണ് ഭാര്യ. മക്കള്‍ രണ്ടുപേരും സിനിമാ മേഖലയില്‍ സജീവമാണ്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പിതാവിന്റെ പാതയില്‍ സംവിധാനവും അഭിനയവും ഉള്‍പ്പെടെ സിനിമയുടെ സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

error: Content is protected !!