കണ്ണൂര്‍: പിണറായിയില്‍ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപത്തിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓലപടക്കമാണ് പൊട്ടിയതെന്ന പ്രവര്‍ത്തകന്റെ വാദം തെറ്റാണെന്ന് സംശയിക്കുന്ന ചിത്രം പുറത്ത്. സ്ഫോടനത്തിന് മുമ്പ് കൈയില്‍ സ്ഫോടക വസ്തുവുമായി നില്ക്കുന്ന പ്രവര്‍ത്തകന്റെ ചിത്രമാണ് പുറത്തുവന്നത്. ഇത് ഗുണ്ടാണോ നാടന്‍ ബോംബാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരിക്കേറ്റത്. സ്ഫോടക വസ്തു കൈയിലിരുന്ന് പൊട്ടുകയായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടയില്‍ പൊട്ടാത്ത ഓല പടക്കം കൈയിലെടുക്കുകയും പിന്നാലെ കൈയിലിരുന്ന് പൊട്ടുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരോട് ഇയാള്‍ പറഞ്ഞത്.
പരിക്ക് കണ്ടിട്ട് ഓലപ്പടക്കമാണെന്ന വാദം ആശുപത്രി അധികൃതരും തള്ളുന്നുണ്ട്. കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത കേസിലടക്കം നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍. കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു.
വിപിന്റെ പരിക്ക് ഗുരുതരമാണ്. കൈപത്തി തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.
