തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍; വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയായി, 10ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും

തദ്ദേശ തെരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. എല്ലാ വോട്ടിംഗ് മെഷീനുകളുടെയും കമ്മീഷനിങ് കഴിഞ്ഞ്, സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. 10ന് വിതരണ കേന്ദ്രങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മെഷീനുകള്‍ കൈമാറും. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു.വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഇലക്ഷന്‍ സാമഗ്രികളുടെ വിതരണത്തിനായി ആറു ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മൂന്നു മുന്‍സിപ്പാലിറ്റി തലത്തിലും ഒന്‍പത് സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സ്വീകരണ വിതരണ കേന്ദ്രത്തില്‍ നിന്നും അതാത് ബ്ലോക്ക്/ മുനിസിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്തിന് രാവിലെ 10 മുതല്‍ പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിതരണം ചെയ്തു തുടങ്ങും. ഉച്ചയ്ക്ക് 12നകം ഈ പ്രവര്‍ത്തി പൂര്‍ത്തീകരിക്കും.

119 പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ട്. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് ജില്ലാതല വെബ് കാസ്റ്റിംഗ് മോണിറ്ററിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ബൂത്തുകളില്‍ സംശയം തോന്നുന്ന പക്ഷം സ്ഥാനാര്‍ത്ഥികള്‍ പണമടച്ചാല്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 11 ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ആറുമണിക്കുള്ളില്‍ ബൂത്ത് പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും.

ജില്ലയില്‍ ആകെ 1370 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. ജില്ലയിലെ ആകെയുള്ള 1112190 വോട്ടര്‍മാര്‍മാരില്‍ 524022 പുരുഷ വോട്ടര്‍മാരും 588156 സ്ത്രീ വോട്ടര്‍മാരും 12 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും 129 പ്രവാസി വോട്ടര്‍മാരും ആണ് ഉള്ളത്. ആവശ്യമായതില്‍ 20% കൂടുതല്‍ ജീവനക്കാരെ പോളിംഗ് ഡ്യൂട്ടിക്കായി കരുതിയിട്ടുണ്ട്. ആകെ 6584 പോളിംഗ് ഉദ്യോഗസ്ഥരില്‍ 3995 വനിത ഉദ്യോഗസ്ഥരും 2589 പുരുഷ ഉദ്യോഗസ്ഥരും ഉണ്ട്. സ്ത്രീകള്‍ മാത്രം പോളിംഗ് ഉദ്യോഗസ്ഥര്‍ ആയിട്ടുള്ള 179 ബൂത്തുകള്‍ ജില്ലയിലുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗതാഗത ആവശ്യങ്ങള്‍ക്ക് 689 വാഹനങ്ങള്‍ ആര്‍ടിഒ വഴി ഏര്‍പ്പാടാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തിച്ചേരുന്നതിനു അധിക സര്‍വീസസ് നടത്തന്‍ കെഎസ്ആര്‍ടിസി, എം.വി.ഡി എന്നിവരെ ചുമതലപ്പെടുത്തും
ജില്ലയില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായും നീതിയുക്തമായും നടത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം വേണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 13 ഡി.വൈ.എസ്.പി മാര്‍, 29 ഇന്‍സ്പെക്ടര്‍മാര്‍, 184 എസ്.ഐ, എ.എസ്.ഐ മാര്‍ 2100 എസ്.പി.ഒ, സി.പി.ഒ മാര്‍ കൂടാതെ 467 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയമിച്ചിട്ടുണെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നും ഒരു കമ്പനി സി.ആര്‍.പി ആര്‍.എ.എഫ് ഫോഴ്സും പ്രവര്‍ത്തിക്കും. ക്രമ സമാധാനം നിലനിര്‍ത്തുന്നതിനായി ഓരോ പോലീസ് സ്റ്റേഷന്‍ തലത്തിലും ഒരു സ്‌ട്രൈകിങ് ഫോഴ്സും, എട്ട് ഇലക്ഷന്‍ സബ് ഡിവിഷന്‍ തലത്തിലും ജില്ലാ തലത്തിലും പല സ്‌ട്രൈകിങ് ഫോഴ്സുകളും പ്രവര്‍ത്തിക്കും. ജില്ലയില്‍ 436 ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളായും, 97 ബൂത്തുകള്‍ ക്രിറ്റിക്കല്‍ ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കും. പ്രശ്‌ന ബാധിത മേഖലകളില്‍ റൂട്ട് മാര്‍ച്ചുകള്‍ നടത്തും.

തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇലക്ഷന്റെ സുഗമമായ നടത്തിപ്പിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ ഡിസംബര്‍ അഞ്ച് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ( കണ്‍ട്രോള്‍ റൂം നമ്പര്‍- 9497928000) ഇന്ന് നടക്കുന്ന (ഡിസംബര്‍ ഒന്‍പത്) കലാശക്കൊട്ടിനും വോട്ടെണ്ണല്‍ സമയത്തും ശേഷമുള്ള ആഹ്ലാദ പ്രകടന വേളയിലുമായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ രാഷ്ട്രീയപാര്‍ട്ടികള്‍ ക്രമസമാധാനം ഉറപ്പാക്കിയുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും എസ്.പി പറഞ്ഞു.

പത്രസമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍, കാസര്‍കോട് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍. ഷൈനി, എ.എസ്.പി സി.എം ദേവദാസന്‍, സി.ആര്‍.പി ഓര്‍.എ.എഫ് അസി. കമാന്റന്റ് ടി.ജെ ജെബകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!