കാഞ്ഞങ്ങാട് ജി വി എച്ച് എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പീടികക്കാരനില്ലാത്ത ഷോപ്പ്

കാഞ്ഞങ്ങാട് : വിദ്യാര്‍ഥികളില്‍ സത്യസന്ധത ഉറപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തില്‍ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു.
കാഞ്ഞങ്ങാട് ജി വി എച്ച് എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് ഇത്തരം ഒരു സംരംഭം തയ്യാറാക്കിയത്. ഒരു ചെറിയ സ്റ്റേഷനറി കടയായി മാറിയ ക്ളാസ് റൂം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പേന, പെന്‍സില്‍, പേപ്പര്‍, നോട്ട് ബുക്ക്, പുസ്തകങ്ങള്‍ സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായുള്ള മറ്റു സാധനങ്ങള്‍, സാനിറ്ററി നാപ്കിന്‍ തുടങ്ങിയവ സ്‌കൂള്‍ ഹോണസ്റ്റി ഷോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇവിടെ സെയില്‍സ്മാനോ കാഷ്യറോ ഇല്ല. ചുമരിലൊട്ടിച്ചിരിക്കുന്ന വില വിവര പട്ടിക പ്രകാരം വേണ്ട സാധനങ്ങള്‍ എടുത്തതിനു ശേഷം പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലക്കുള്ള തുക അവിടെ സൂക്ഷിച്ചിരിക്കുന്ന ക്യാഷ് ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതിയാകും. സ്‌കൂള്‍ ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന് പുറത്ത് പോകാതിരിക്കാനും ഇത് സഹായകമാകും. വിദ്യാര്‍ഥികളില്‍ സത്യസന്ധത വളര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ മാതൃകാപരമായ പങ്കു വഹിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രിന്‍സിപ്പല്‍ പി എസ് അരുണ്‍ പറഞ്ഞു. നാഷണല്‍ സര്‍വ്വീസ് സ്‌കീം കാസര്‍കോട് ഠൗണ്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി പി, പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, സനിത എസ്, പ്രജീഷ് സി എം , സുബിതാശ്വതി, ശ്വാമിത പി പി , സിന്ധു പി രാമന്‍ , കെ അര്‍ച്ചന വിദ്യാര്‍ത്ഥികളായ മൈഥിലി അര്‍, നെസ്ല ഫാത്തിമ , മുഹമ്മദ് സി , ഫസ്ലീന തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!