കാഞ്ഞങ്ങാട് : സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എയിഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കിയ യുവജാഗരണ്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ജില്ലയായി കാസര്‍കോട് ജില്ലയെ തിരഞ്ഞെടുത്തു. എച്ച്ഐവി എയിഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും മയക്ക് മരുന്നിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളും സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിനുമായി രണ്ട് മാസത്തോളം നീണ്ട് നിന്ന ക്യാമ്പയിന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരുന്നു . സംസ്ഥാന എന്‍.എസ് എസ്. സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലകളിലെ എന്‍.എന്‍.എസ് യൂണിറ്റുകളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് . കാസര്‍കോട് ജില്ലയില്‍ മികച്ച രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ സംഘടപ്പിച്ചതിനുള്ള അവാര്‍ഡ് ആണ് സംസ്ഥാന എയിഡ്സ് കണ്ട്രോള് സൊസൈറ്റി എറണാകുളത്ത് വച്ച് നല്‍കിയത്. ജില്ലയിലെ 60ല്‍ അധികം സ്കൂളുകളില്‍ എച്ച്ഐവി എയിഡ്സ് ബോധവല്കരണ പരിപാടികളും ഐഇസി വാന്‍ ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഇത്തരം പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.എറണാകുളത്ത് വച്ച് നടന്ന ചടങ്ങില്‍ യുവജാഗരണ്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.കെവി.വിനീഷ് കുമാര്‍ , ജില്ലാ നോഡല്‍ ഓഫീസര്‍ മാരായ ശ്രീജ, ആദില്‍ നാസര്‍ , സമീര്‍ സിദ്ദിഖ്,രാജന് എന്നിവര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറില്‍ നിന്നും പുരസ്കാരം ഏറ്റ് വാങ്ങി.
