വാഹന അപകടം: ക്രിസ്മസ് ദിനത്തില്‍ മലയോരത്തിന് നഷ്ടപ്പെട്ടത് രണ്ട് യുവാക്കളെ

വെള്ളരിക്കുണ്ട് / ചിറ്റാരിക്കാല്‍ : ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയോരത്തിന് നഷ്ടപ്പെട്ടത് രണ്ട് യുവാക്കളെ. ഇന്നലെ പുലര്‍ച്ചെ  മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മാലോം സ്വദേശി വിതുല്‍രാജും(20),
വൈകീട്ട് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഉണ്ടായ അപകടത്തില്‍ കുന്നുംകൈ മുള്ളിക്കാട് സ്വദേശി പ്രവീണും ( 28 ) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ക്രിസ്മസ് കരോള്‍ സംഘത്തോടൊപ്പം സജീവമായി പങ്കെടുത്ത ശേഷം മാലോത്തേയ്ക്ക് പോവുകയായിരുന്ന വിതുല്‍ രാജും സുഹൃത്ത് സച്ചുവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലോം കുഴിപ്പനം സ്വദേശി വിനയരാജ് -ലത ദമ്പതികളുടെ മകനാണ് ഐടി വിദ്യാര്‍ത്ഥിയായ വിതുല്‍രാജ് . സഹോദരി ദേവിക. ഇന്നലെ വൈകിട്ട് കുന്നുംകൈയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവീണ്‍ കാഞ്ഞങ്ങാട് – ചെറുവത്തൂര്‍ -ചീമേനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ്. വ്യാഴാഴ്ച വൈകീട്ട് 4.40ന് ചെമ്പം കുന്നിലാണ് അപകടം നടന്നത്.
പ്രവീണ്‍ സഞ്ചരിച്ച കെ എല്‍ 79 ബി 3650 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ എതിര്‍ ദിശയായ കൊന്നക്കാട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന കെ എല്‍ 15 -7072 നമ്പര്‍ കെഎസ്ആര്‍ടിസി ഇടിച്ച്  ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കുന്നുംകൈ മുള്ളിക്കാട് രവി- പ്രമീള ദമ്പതിയുള്ള മകനാണ് പ്രവീണ്‍.

error: Content is protected !!