പ്രഭാകരന് കാഞ്ഞങ്ങാട്
ഹോസ്ദുര്‍ഗ് : രംഗവിസ്മയങ്ങളുടെ അശ്വമേധം തീര്‍ത്ത നാടകങ്ങളില്‍ അരങ്ങ് നിറഞ്ഞു നിന്നു. അസാധാരണമായ അഭിനയ മൂഹൂര്‍ത്തങ്ങള്‍ ആയിരുന്നു വേഷമിട്ട നാടകങ്ങളില്‍ എല്ലാം. എന്നോ മനസ്സില്‍ കൂടിയ തന്റെ നാടകസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ശരീരവും മനസ്സും സമര്‍പ്പിച്ച് നാടകകലയ്ക്കൊപ്പം നിന്ന കലാകാരനായിരുന്നു ഇന്നലെ വിട പറഞ്ഞ എം കെ ബാലന് അതിയാമ്പൂര് സാംസ്ക്കാരിക രംഗത്ത് പിന്നോക്കം നിന്നിരുന്ന കാസര്‍കോടിന്റെ കാഞ്ഞങ്ങാടിന്റെ നാടക ലോകത്തേക്ക് വളരെ നേരത്തെ വന്ന നാടക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. നാടകത്തെ അഗാധമായി പ്രണയിക്കുകയും ഹൃദയപൂര്‍വ്വം കൊണ്ടു നടന്ന് ജീവിതം തന്നെ നാടകത്തിന് നല്കി. നാടകാഭിനയവും സംവിധാനവുമായി ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുകയും ചെയ്തു ബാലന് അതിയാമ്പൂര് ഉന്നതമായ സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നിട്ടും ഒരു ആ സമയത്തുതന്നെ നാടകം തന്നെയായിരുന്നു ചിന്ത. കൃത്യമായി ജോലി ചെയത് ആരുടെയും അപ്രീതിക്ക് വിധേയമാവതെ തന്നെ നാടകത്തെ തന്നോടൊപ്പം തന്റെ ഔദ്യോഗിക ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തി. നിരവധി അകലാസമിതികള്ക്ക് വേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. വെള്ളിക്കോത്ത് യങ്ങ്മെന്സിനുവേണ്ടിയും സമുദായം എന്ന നാടകം സംവിധാനം ചെയ്തു. അസാധാരണമായ അഭിനയ മൂഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഹസ്തിനപുരി നാടകത്തിലെ ഇതിഹാസ കഥാപാത്രമായ വിദുരരാണ് നാടക അരങ്ങിലെ ഏറെ ശ്രദ്ധേയമായ വേഷം. 1986 ല്‍ തുടങ്ങിയ കാഞ്ഞങ്ങാട് കാകളി തിയ്യറ്റര്സ് ആണ് 1989-90 കാലത്ത് ഹസ്തിനപുരി എന്ന നാടകം പ്രൊഫഷണലായി അവതരിപ്പിച്ചു തുടങ്ങിയത്.പ്രശസ്തനായ എഴുത്തുകാരനും നാടകൃത്തുമായ കെ. തായാട്ട് രചിച്ചതാണ് ഹസ്തിനപുരി എന്ന നാടകം. കാകളിയുടെ സ്ഥാപകനും പ്രശസ്ത സംവിധായകനും നടനുമായിരുന്ന ചന്ദ്രാലയം നാരായണനായിരുന്നു സംവിധായകന്. പി പി കുഞ്ഞികൃഷ്ണന് അജാന്നൂര്‍, ജന്നന്‍ കാഞ്ഞങ്ങാട്, അമ്മിണി ചന്ദ്രാലയം, സഹോദരി ഭാനുമതി എന്നിവരൊടൊപ്പമായിരുന്നു എം കെ ബാലന് അതിയാമ്പൂര് വിദുരരായി വേഷമിട്ടത്. 2002 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ കാകളി പിന്നീട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാകളിയുടെ ഭീഷ്മര്‍ സംവിധാനം ചെയ്ത മലയാള നാടകവേദിയിലെ ശക്തനായ വിക്രമന്‍നായരുടെ അനുഗ്രഹ നിര്‍ദ്ദേശങ്ങളോടെയാണ് പുതിയ ഹസ്തിനപുരി ചന്ദ്രാലയം സംവിധാനം നിര്‍വ്വഹിച്ച് സാക്ഷാത്ക്കരിക്കുന്നതിലും വിദുരരുടെ വേഷത്തിനായി പരിഗണിച്ചിരുന്നത് ബാലനെയായിരുന്നു. കാകളിയുടെ ആദ്യകാലത്തെ അഞ്ച് നാടകങ്ങളില്‍ പ്രധാന വേഷങ്ങളില്‍ നിറഞ്ഞു നിന്നു. തമ്പാട്ടി വിളക്ക്, കസ്തൂരിമാന്‍, വാകച്ചാര്‍ത്ത്,ഭീഷ്മര്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍. തമ്പാട്ടി വിളക്കിലെ തമ്പു എന്ന വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കോട്ടപ്പുറം ശ്രീ വൈകുണ്ഠേശ്വരന്റെ ഐത്യഹ്യകഥയായി പ്രശസ്ത നാടക കൃത്ത് കെ എം രാഘവന് നമ്പ്യാര്‍ രചിച്ച നാട്ടുപരദേവത എന്ന നാടകത്തിലെ പോത്തപ്പന്‍ എന്ന കഥാപാത്രവും നാടക പ്രേക്ഷകരുടെ ശ്രദ്ധ നേടി. കാകളിയുടെ വേദിയില്‍ നീണ്ട അഞ്ച് വര്‍ഷങ്ങളില്‍ ബാലന് അതിയാമ്പൂര് വിവിധ വേഷങ്ങളില്‍ നിറഞ്ഞു നിന്നു. ഗംഭീര ശബ്ദവും ഭാവവും ശരീര ഭാഷയും കഥാപാത്ര സൃഷ്ടികളില്‍ അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്നു. ഹസ്തിനപുരിയുടെ രണ്ടാംവരവ് പൂര്‍ത്തികരിക്കാതെ പോയ ഒരു സ്വപ്നമായി നില നില്‍ക്കുന്നുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് നാടക നിര്‍മ്മിതി നിലച്ചുപോവുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കുന്ന കലാകാരനായതുകൊണ്ടും ഈ നാടകകലാ പ്രവര്‍ത്തകനെ വേണ്ട രീതിയില്‍ അംഗീകരിക്കാന്‍ വ്യവസ്ഥാപിത സ്ഥാപനങ്ങള്ക്ക്കഴിഞ്ഞിട്ടില്ല.
