തായന്നൂര്‍: ആദ്യമായി തുടിയുണ്ടാക്കിയതാരാണ്? കുറ്റിയടുക്കം ഊരിലെ ഏറ്റവും പ്രായം കൂടിയ കല്ലളന്‍ മൂപ്പന്‍ തന്റെ മുന്നിലെ ആദിവാസി ചെറുപ്പക്കാരോട് ചോദിച്ചപ്പോള്‍ കൂട്ടം നിശബ്ദമായി. പിന്നെ മൂപ്പന്‍ പഴയ കാലത്തെ ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങി.
തായന്നൂര്‍ പ്രദേശത്ത് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് നടപ്പാക്കി വരുന്ന നബാര്‍ഡ് സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രബന്ധു കലാസമിതിയിലെ മുപ്പതോളം കലാകാരന്മാരും കലാകാരികളുമാണ് മംഗലംകളി, എരിതുകളി, നാട്ടിപ്പാട്ടുകള്‍ എന്നിവയെ കുറിച്ചറിയാന്‍ ഊരുകളിലെ പ്രായംകൂടിയ അച്ഛനമ്മമാരെ സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നത്. കൂലിവേലയ്ക്കും തൊഴിലുറപ്പിനും പോകുന്നവരാണ് ടീമിലേറെയും. പണി കഴിഞ്ഞ് സന്ധ്യയോടെയാണ് അറിവുതേടിയുള്ള യാത്ര. തനതായ ശൈലിയില്‍ മംഗലംകളി, എരിതുകളി, പണിയ നൃത്തം, നാടന്‍പാട്ടുകള്‍ എന്നിവ പ്രൊഫഷണലായി അവതരിപ്പിക്കുന്ന ടീമായി മാറിയ ഗോത്രബന്ധു കലാസമിതി ,നാടന്‍ കലകളെ കുറിച്ച് ആധികാരിയായി പഠിക്കുന്നതിന്റെ ഭാഗമായാണ് ഊരു മൂപ്പന്‍മാരെ സന്ദര്‍ശിക്കുന്നത്. ആദ്യമായി തുടിയുണ്ടാക്കിയ കണ്ണമ്മന്‍ ചെറുക്കനും, കൂക്കിരി ചെക്കനും മുതല്‍ ഏഴു ഗുരുകളും, ശാരീരിക അവശതയാല്‍ പണിയെടുക്കാനാവാതെ വന്നപ്പോള്‍ ജന്‍മിയുടെ നിര്‍ദ്ദേശപ്രകാരം ഉഴുതുമറിച്ചിട്ട വയലില്‍ കുണ്ഡം നാട്ടി അതില്‍ കെട്ടിയിട്ട് ശരീരത്തില്‍ കടിക്കുന്ന ചുവന്നഉറുമ്പി ( ഉറുക്കി ) ന്റെ കൂട് പൊട്ടിച്ചിട്ട് ആള്‍ക്കാര് കൂടി മര്‍ദ്ദിച്ച് കൊന്ന് അതേ കണ്ടത്തില്‍ ചവിട്ടി താഴ്ത്തിയ കഥകള്‍ വരെ പറഞ്ഞെത്തി കല്ലളന്‍മൂപ്പനും, മൂപ്പന്റെ സഹോദരി ഉണ്ടച്ചിയമ്മയും. കേവലം സ്റ്റേജ് പ്രോഗ്രാമായി നാടന്‍ കലകള്‍ മാറുമ്പോള്‍ പഴമയുടെ സാംസ്‌കാരിക തനിമ ചോരാതെ വരും തലമുറയിലേക്ക് കൈമാറാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇത്തരം സന്ദര്‍ശനളിലൂടെ ഗോത്രബന്ധു ലക്ഷ്യമിടുന്നത്.
