റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ രണ്ടുദിവസം അനാഥ നിലയില്‍ കണ്ട ബാഗുകള്‍ പരിഭ്രാന്തി പരത്തി; പിന്നീട് ഉടമസ്ഥനെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ രണ്ടുദിവസം അനാഥനിലയില്‍ കണ്ട ബാഗുകള്‍ പരിഭ്രാന്തി പരത്തി. ബാഗുകളില്‍ സ്‌ഫോടകവസ്തുവാണെന്ന് പ്രചാരണുയര്‍ന്നതോടെ യാത്രക്കാര്‍ ആശങ്കയിലായി. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ ഏഴാം നമ്പര്‍ഭാഗത്താണ് ബാഗുകള്‍ കണ്ടെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുമാരായ വി പ്രവീണ്‍കുമാറും കെ ടി അരവിന്ദനുമാണ് പ്ലാറ്റ് ഫോമില്‍ ഒരു ഹാന്‍ഡ് ബാഗും വലിപ്പമുള്ള പ്ലാസ്റ്റിക് ബാഗുകളും കണ്ടെത്തിയത്. രണ്ട് ദിവസമായി ബാഗ് ഇവിടെയുണ്ടെന്നറിഞ്ഞതോടെ ഹോംഗാര്‍ഡുമാര്‍ കാസര്‍കോട് റെയില്‍വെ പോലീസിന് വിവരം നല്‍കി. റെയില്‍വെ പോലീസിന്റെ നിര്‍ദേശപ്രകാരം ഹോംഗാര്‍ഡുമാര്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് സുരക്ഷിതമായി ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ രണ്ട് ഷര്‍ട്ടുകളും ഒരു ജോഡി ചെരുപ്പും പാന്റും ബദാംപരിപ്പും അടക്കമുള്ള സാധനങ്ങളും രേഖകളും കണ്ടെത്തി. ഭയപ്പടേണ്ട വസ്തുകളൊന്നും ബാഗിലില്ലെന്ന് വ്യക്തമായതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്. കൂടുതല്‍ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഹമീദിന്റെതാണ് ബാഗുകളെന്ന് വ്യക്തമായി. ഹമീദിനെ വിളിച്ചുവരുത്തി ചോദിച്ചപ്പോള്‍ പ്ലാറ്റ് ഫോമില്‍ നിന്ന് രണ്ട് ദിവസം മുന്പ് ബാഗുകള്‍ കാണാതായെന്ന് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിരുന്നില്ല. ഹമീദിന്റെ സുഹൃത്തായ വസ്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനെ കൂടി വിളിച്ചുവരുത്തിയ ശേഷം ഹോംഗാര്‍ഡ് ബാഗുകള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ കൈമാറി. ട്രെയിന്‍ യാത്രക്കാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഓപ്പറേഷന്‍ രക്ഷിതയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധനക്കായി ഹോംഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്.

error: Content is protected !!