അമ്പലത്തറ : മൗലികാവകാശങ്ങളും പൗരന്റെ മാന്യത ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഭരണഘടന രൂപപ്പെടുന്നതില്‍ നെഹ്റുവിന്റെ സ്വാധീനം നിസ്തുലമാണെന്ന് പ്രശസ്ത വാഗ്മിയും ലീഗല്‍ സര്‍വീസ് ട്രൈനറുമായ അഡ്വ. സി. ഈപ്പന് പറഞ്ഞു. അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റുവും ഇന്ത്യയും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നില്‍നിന്ന് നയിക്കുന്നവരെല്ലാം നേതാക്കളാകണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഡ്വ. എന്‍. കരുണാകരന് അധ്യക്ഷത വഹിച്ചു. രാജന് മീങ്ങോത്ത് വായനശാലയിലേക്ക് സംഭവനയായി നല്കിയ എം. ടി. വാസുദേവന്‍ നായരുടെ ആത്മകഥ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും അംബിക വട്ടക്കണ്ടം ഏല്‍പ്പിച്ച താളിയോല ഗ്രന്ഥങ്ങളും വായനശാല പ്രസിഡന്റ് കെ. വി. നാരായണന് ഏറ്റുവാങ്ങി. അബാക്കസ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നും മൂന്നും റാങ്കുകള്‍ നേടിയ ഋഷികേശ്, ആദിദേവ്. എം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ്. ടി. വി , ഷീജ. കെ. വി, രാമകൃഷ്ണന് മോനാച്ച, രാജേഷ് കുമാര്‍. ടി എന്നിവര്‍ സംസാരിച്ചു. പി. വി. ജയരാജ് സ്വാഗതവും അനില്‍ മുതിരക്കാല്‍ നന്ദിയും പറഞ്ഞു.
