കാഞ്ഞങ്ങാട്: യു.എ.ഇ.യിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച് നില്‍ക്കുന്ന ആറാമത്തെ സാന്ത്വനം വീടിന്റെ താക്കോല്‍ ദാനം നവംബര്‍ 18ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പെരിയ അത്തിക്കാരം പള്ളം ശൈലജക്കാണ് ഇത്തവണ വീട് നിര്‍മ്മിച്ച് നല്‍കുന്നത് .
കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി നാട്ടിലും മറുനാട്ടിലും ജീവകാരുണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന പെരിയ സൗഹൃദ വേദി വില്ലേജിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിക്ക് 2019 ലാണ് തുടക്കം കുറിച്ചത്. ഇത് വരെയായി അഞ്ചു കുടുംബങ്ങള്‍ക്ക് കൈതാങ്ങായി വീട് നല്‍കുവാന്‍ സൗഹൃദ വേദിക്ക് സാധിച്ചുയെന്നും പെരിയ സൗഹൃദ വേദി യു.എ.ഇ. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെരിയ സൗഹൃദ വേദി എന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പെരിയ സൗഹൃദ വേദിയുടെ സാന്ത്വനത്തിന്റെ കൈ താങ്ങ് കിട്ടാത്ത ഒരു വാര്‍ഡും പെരിയ വില്ലേജില്‍ ഉണ്ടാകില്ല എന്നും ഭാരവാഹികള്‍ പറയുകയുണ്ടായി.
നവംബര്‍ 18ന് രാവിലെ 11 ന് പെരിയ അത്തിക്കാരം പള്ളത്ത് പുതുതായി പണികഴിപ്പിച്ച വീടിനു സമീപം വെച്ച് നടക്കുന്ന ചടങ്ങില്‍ ഉദുമ എം.എല്‍ എ സി.എച്ച്. കുഞ്ഞമ്പു വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കും. ചടങ്ങില്‍ പുല്ലൂര്‍ – പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട് ആശംസകള്‍ നേരും. സൗഹൃദവേദി മുന്‍ പ്രസിഡന്റ് ഹരീഷ് മേപ്പാട് അധ്യക്ഷത വഹിക്കും. സൗഹൃദ വേദി മുന്‍ രക്ഷാധികാരി തമ്പാന്‍ നായര്‍ ചേവിരി സ്വാഗതവും, മുന്‍ രക്ഷധികാരി വേണുഗോപാലന്‍ വി കെ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ പെരിയ സൗഹൃദ വേദി മുന്‍ പ്രസിഡണ്ട് ഹരീഷ് മേപ്പാട്, പ്രമോദ് പെരിയ മുന്‍ രക്ഷാധികാരിമാരായ വേണുഗോപാലന്‍. വി. കെ., തമ്പാന്‍ നായര്‍ ചേവിരി എന്നിവര്‍ പങ്കെടുത്തു
