കാഞ്ഞങ്ങാട്: അമ്പലത്തറ സ്വദേശികളായ മുനീര്‍, സമീര്‍ എന്നിവരെ സംഘം ചേര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഒന്നും നാലും പ്രതികള്‍ കര്‍ണാടകയില്‍ പിടിയിലായി. മൂന്നാം മൈല്‍ നയികുട്ടിപ്പാറ സ്വദേശികളായ എം എം ഹമീദ്(56), അല്‍ത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. 2021 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉഡുപ്പി ഹെബ്രിയില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഒളിവില്‍ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ബേക്കല്‍ ഡിവൈഎസ്പി മനോജ് വി വി യുടെ മേല്‍നോട്ടത്തില്‍ അമ്പലത്തറ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തില്‍ എ എസ് ഐ മാരായ ജയരാജന്, ബിജു, പോലീസ് ഉദ്യോഗസ്ഥരായ ഷിബു, രതീശന്, സ്പെഷ്യല്‍ സ്ക്വാഡ് അംഗമായ എം വി നിഖില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അമ്പത്തറ സ്വദേശികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച പ്രതികള്‍ അറസ്റ്റില്‍
